തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല ; ആര്‍എസ്എസിനെതിരായ വിമര്‍ശനത്തില്‍ പിന്തുണയുമായി വിടി ബല്‍റാം

തിരുവനന്തപുരം: ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയെ ഒരു ‘ഹിന്ദു-പാക്കിസ്ഥാന്‍’ ആക്കുകയാണ് ലക്ഷ്യം എന്നു പറഞ്ഞതിന്റെ പേരില്‍ ശശി തരൂര്‍ എംപിയെ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് വി ടി ബല്‍റാം എംഎല്‍എ. എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണനയുള്ള, സ്റ്റേറ്റ് മതകാര്യങ്ങളില്‍ നിന്ന് പരമാവധി അകന്നുനില്‍ക്കുന്ന ഒരു മതേതര രാജ്യമാവുക എന്നതാണ് ഇന്ത്യ മുന്നോട്ടു വക്കുന്ന ആശയം.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ട് മൂന്ന് വര്‍ഷം മുന്‍പ് ഇട്ട ഈ ഫേസ്ബുക്ക് പോസ്റ്റില്‍ താനും ‘ഹിന്ദു പാക്കിസ്ഥാന്‍’ എന്ന പ്രയോഗം ഉപയോഗിച്ചിട്ടുണ്ടെന്നും പിന്നീട് പലയാവര്‍ത്തി പ്രസംഗങ്ങളില്‍ ഉപയോഗിച്ചിട്ടുമുണ്ടെന്നും വി.ടി ബല്‍റാം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ഇന്ത്യയെ ഒരു “ഹിന്ദു പാക്കിസ്ഥാൻ” ആക്കുകയാണ് സംഘ് പരിവാറിന്റെ ലക്ഷ്യം എന്ന് തുറന്ന് പറഞ്ഞതിന്റെ പേരിൽ എന്തിനാണ് എഴുത്തുകാരനും പാർലമെന്റേറിയനുമായ ഡോ. ശശി തരൂർ രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയനാകുന്നതെന്ന് മനസ്സിലാവുന്നില്ല. എല്ലാ മതങ്ങൾക്കും തുല്യ പരിഗണനയുള്ള, സ്റ്റേറ്റ് മതകാര്യങ്ങളിൽ നിന്ന് പരമാവധി അകന്നുനിൽക്കുന്ന ഒരു മതേതര രാജ്യമാവുക എന്നതാണ് ഇന്ത്യ മുന്നോട്ടു വക്കുന്ന ആശയം. മത, ജാതി, ഭാഷ, വർഗ, വർണ്ണ ബഹുസ്വരതാ ബാഹുല്യമുള്ള ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യക്ക് മുന്നിലുള്ള ഏക സാധ്യതയും ഇതിലേതിന്റെയെങ്കിലും പക്ഷം പിടിക്കാത്ത ഒരു മതേതര രാജ്യമാവുക എന്നതാണ്. എന്നാൽ ഇതിന് കടകവിരുദ്ധമാണ് മതരാജ്യങ്ങളുടെ സങ്കൽപ്പം. ഭൂരിപക്ഷ മതത്തിന് സ്റ്റേറ്റിന്റെ പ്രത്യേക പരിഗണന ലഭിക്കുന്ന മതരാജ്യങ്ങളിൽ മറ്റ് ന്യൂനപക്ഷ മതസ്ഥർ സ്വാഭാവികമായിത്തന്നെ രണ്ടാം കിട പൗരന്മാരാവുന്നു. ഇത്തരം മതരാജ്യങ്ങൾക്ക്
നമുക്ക് ചൂണ്ടിക്കാണിക്കാൻ തൊട്ടയൽപ്പക്കത്തുള്ള ഉദാഹരണങ്ങളാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനമൊക്കെ. ആ നിലക്ക് പാക്കിസ്ഥാൻ ഇന്ത്യക്ക് ഒരു പാഠമാണ്; ഇന്ത്യ എന്താകണം എന്നതിന്റെയല്ല എന്താകരുത് എന്നതിന്റെ പാഠം.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ട് മൂന്ന് വർഷം മുൻപ് ഇട്ട ഈ ഫേസ്ബുക്ക് പോസ്റ്റിൽ ഞാനും ഉപയോഗിച്ചിട്ടുണ്ട് “ഹിന്ദു പാക്കിസ്ഥാൻ” എന്ന പ്രയോഗം. പിന്നീട് പലയാവർത്തി പ്രസംഗങ്ങളിൽ ഉപയോഗിച്ചിട്ടുമുണ്ട്. ഡോ. ശശി തരൂരിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് ആർഎസ്എസിനെതിരായ ആ വിമർശനം ആവർത്തിക്കുന്നു.

കോൺഗ്രസ് അതിന്റെ രാഷ്ട്രീയം കൃത്യമായിത്തന്നെ പറഞ്ഞ് തുടങ്ങേണ്ടിയിരിക്കുന്നു.

Top