വി.എസിനെ കണ്ടപ്പോള്‍ രാഷ്ട്രീയ പക മറന്ന് കേന്ദ്രമന്ത്രി . . ചോദിച്ചതെല്ലാം നല്‍കുമെന്ന് !

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിന് അതീതമായി സാധാരണ ജനങ്ങളുടെ മാത്രമല്ല, രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെയും ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ആദരവ് പിടിച്ചുപറ്റിയ നേതാവാണ് വി.എസ് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.

കമ്യൂണിസ്റ്റ് എന്ന് കേട്ടാല്‍ സിരകളില്‍ രക്തം തിളക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിമാരില്‍ പ്രമുഖനായ റെയില്‍വെ മന്ത്രി പിയൂഷ് ഗോയലാണ് വി.എസിന്റെ ആവശ്യത്തിനു മുന്നില്‍ പച്ചക്കൊടി കാട്ടിയത്.

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു വേണ്ടി തനിക്കു മുന്നില്‍ 93-ാം വയസ്സിലും പ്രത്യക്ഷപ്പെട്ട വി.എസിന് മുന്നില്‍ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോകുമെന്ന് മന്ത്രി ഉറപ്പുനല്‍കുകയായിരുന്നു.

WhatsApp Image 2018-06-23 at 9.11.34 PM

പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശന അനുമതി നിഷേധിക്കുകയും കേന്ദ്ര മന്ത്രിമാര്‍ മുഖം തിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നടന്ന ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയും മന്ത്രിയുടെ പ്രതികരണവും ഡല്‍ഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ലോകത്ത് തന്നെ 93 വയസ്സ് പിന്നിട്ടിട്ടും കര്‍മ്മനിരതനായിരിക്കുന്ന ഏക രാഷ്ട്രീയ നേതാവാണ് സി.പി.എം സ്ഥാപക നേതാവായ വി.എസ് .

കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ വി.എസ് ശനിയാഴ്ച വൈകിട്ടോടെയാണു റെയില്‍ ഭവനിലെത്തി മന്ത്രിയെ കണ്ടത്. താന്‍ മുഖ്യമന്ത്രിയായിരിക്കെയാണു പദ്ധതി പ്രഖ്യാപിച്ചതെന്നും, ഇത്ര കാലമായിട്ടും കോച്ച് ഫാക്ടറി നടപ്പാക്കാത്തതില്‍ ആശങ്കയുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം ഈ സാഹചര്യത്തില്‍ ഗോയലിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് നേരിട്ടെത്തിയതെന്നും സൂചിപ്പിച്ചു.

WhatsApp Image 2018-06-23 at 9.11.35 PM

വി.എസിന്റെ വരവില്‍ സന്തോഷം പ്രകടിപ്പിച്ച ഗോയല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടായ ആശയക്കുഴപ്പമാണു പദ്ധതി വൈകാന്‍ കാരണമായതെന്നു പറഞ്ഞു. എന്നാല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും, കോച്ച് ഫാക്ടറിക്കു വേണ്ടി കേന്ദ്രം മുന്നോട്ടു പോകുമെന്നും, ഇക്കാര്യത്തില്‍ വി.എസിനു വ്യക്തിപരമായിത്തന്നെ ഉറപ്പു നല്‍കുകയാണെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കോച്ച് ഫാക്ടറി വൈകിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നു ഗോയല്‍ പറഞ്ഞു. കേരളത്തില്‍ റെയില്‍വേ വികസനത്തിനു തടസ്സം സ്ഥലം ഏറ്റെടുത്തു നല്‍കാതിരിക്കുന്നതാണ്. ആകാശത്തു കൂടി ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാകുമെന്നും ഗോയല്‍ പറഞ്ഞു.

Top