വി.എസ് ആണ് താരം . . ഭേദഗതിയില്‍ ഉറച്ച് കാരാട്ട് വിഭാഗത്തിന്റെ ‘സ്വപ്നം” തകര്‍ത്തു !

vs_karat

ഹൈദരാബാദ്: കോണ്‍ഗ്രസ്സുമായി ധാരണയോ സഖ്യമോ പാടില്ലെന്ന കര്‍ശന നിലപാട് രാഷ്ട്രീയ പ്രമേയമാക്കി മാറ്റാനുള്ള പ്രകാശ് കാരാട്ട് വിഭാഗത്തിന്റെ നീക്കത്തിന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വന്‍ തിരിച്ചടി.

പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന കേന്ദ്ര കമ്മറ്റിയിലെ ഏക അംഗമായ വി.എസ് അച്ചുതാനന്ദന്‍ ഭേദഗതി മുന്നോട്ട് വയ്ക്കുകയും ഒരു കാരണവശാലും പിന്‍മാറില്ലെന്ന് ശഠിക്കുകയും ചെയ്തതോടെയാണ് വിജയം ഉറപ്പിച്ച പ്രകാശ് കാരാട്ട് പക്ഷം പ്രതിരോധത്തിലായത്.

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സുമായി ധാരണയാകാമെന്ന വി.എസിന്റെ നിലപാടിനോട് ബംഗാള്‍, പഞ്ചാബ് തുടങ്ങി ഭൂരിപക്ഷ സംസ്ഥാന ഘടകങ്ങളും യോജിക്കുകയും രഹസ്യ വോട്ടെട്ടുപ്പ് ആവശ്യപ്പെട്ട് പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ ഈ ആവശ്യം അംഗീകരിച്ച് ഭേദഗതി വരുത്താന്‍ കാരാട്ട് വിഭാഗം സമ്മതം നല്‍കുകയായിരുന്നു.

സീതാറാം യെച്ചൂരി പാര്‍ട്ടി കേന്ദ്ര കമ്മറ്റിയിലും പി.ബിയിലും ഉന്നയിച്ച് പരാജയപ്പെട്ടതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ കൂടി സമ്മര്‍ദ്ദത്തില്‍ ഇപ്പോള്‍ നടപ്പായിരിക്കുന്നത്. മതേതര പാര്‍ട്ടികളുമായി യോജിക്കണമെന്ന ഭേദഗതിയിലെ ആവശ്യം പിന്‍വലിക്കില്ലെന്ന് കേരള നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും വി.എസ് പിന്‍മാറിയില്ല.

പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവായ വി.എസിന്റെ നിലപാടാണ് കൂടുതല്‍ പ്രതിനിധികളെ അനുകൂലമായി ചിന്തിപ്പിച്ചത്. ഇതൊടെ അപകടം മുന്നില്‍ കണ്ട കാരാട്ട് പക്ഷം ഒത്ത് തീര്‍പ്പിന് തയ്യാറാവുകയായിരുന്നു.

യെച്ചൂരി-കാരാട്ട് പക്ഷങ്ങളുടെ വാദങ്ങള്‍ കണക്കിലെടുത്തുളള ഭേദഗതിയാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ്സുമായി സഖ്യമോ ധാരണയോ പാടില്ലെന്ന കരടു രാഷ്ട്രീയ പ്രമേയത്തിലെ നിര്‍ദേശം മാറ്റി പകരം കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ മുന്നണി പാടില്ലെന്നാക്കി മാറ്റുകയായിരുന്നു.എന്നാല്‍ ധാരണയാവാം.

പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ്സുമായി സഹകരിക്കില്ലെന്ന നിര്‍ദേശവും പ്രമേയത്തില്‍ നിന്ന് ഒഴിവാക്കി. ഇതിനു പകരം ആവശ്യമെങ്കില്‍ സഹകരിക്കമെന്ന ഭേദഗതി നിര്‍ദേശം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.

വിവാദ വിഷയമായ കോണ്‍ഗ്രസ്സ് ബന്ധം സംബന്ധിച്ച തര്‍ക്കത്തില്‍ മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും പിണറായി വിജയനുമടക്കമുള്ള നേതാക്കള്‍ മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളാണ് നിര്‍ണ്ണായകമായത്.

കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതിയോടെ കോണ്‍ഗ്രസ്സുമായി നേരിട്ടു സിപിഎമ്മിനു ബന്ധമുണ്ടാകില്ലെന്ന് ഉറപ്പായെങ്കിലും ‘ധാരണ വേണ്ട’ എന്ന ഭാഗം ഒഴിവാക്കിയതോടെ പ്രാദേശിക നീക്കുപോക്കുകള്‍ക്കു പാര്‍ട്ടിക്കു മുന്നില്‍ സാധ്യതയേറി. ബംഗാളിലും, മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ നിലപാട് സിപിഎമ്മിന് നേട്ടമാകും.

Top