ബി.ജെ.പിയെ ആക്രമിച്ചും, കോൺഗ്രസ്സിനെ പരിഹസിച്ചും വി.എസ് ചെങ്ങന്നൂരിൽ . .

achudhanandhan

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പായി വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടമാക്കി വിഎസ് അച്ചുതാനന്ദന്‍ രംഗത്ത്. ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് മിന്നുന്ന വിജയം നേടുമെന്നാണ് വിഎസ് പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്ങന്നൂരിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് ഭരണം നല്ലതാണെന്ന അഭിപ്രായമാണ് ഉള്ളതെന്നും, രാജ്യത്തിന്റെ ബഹുസ്വരത നഷ്ടപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും, കര്‍ണാടകത്തില്‍ ജനഹിതത്തിനു നേരെ ബിജെപി കാര്‍ക്കിച്ചുതുപ്പിയെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കാല അനുഭവം വെച്ച് പോരായ്മകളെല്ലാം മനസിലാക്കി കൊണ്ട് പുതിയ കേരളം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് കേരള സര്‍ക്കാരെന്നും, എല്ലാ മേഖലകളിലും നവീനമായ പദ്ധതികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നേറുകയാണെന്നും വിഎസ് വ്യക്തമാക്കി.

എന്നാല്‍ സര്‍ക്കാരിനേയും എല്‍ഡിഎഫിനേയും ക്ഷീണിപ്പിക്കാന്‍ വല്ലതും കഴിയുമോ എന്ന തത്രപ്പാടിലാണ് കോണ്‍ഗ്രസ്സും ബിജെപിയുമെന്നും അതിന് വേണ്ടി കള്ളക്കഥകളും കള്ളപ്രചാര വേലയും അവര്‍ നടത്തുകയാണെന്നും രാജ്യം ഭരിച്ചുഭരിച്ച് ഇപ്പോള്‍ 29 സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് അധികാരമുള്ളതെന്നും വിഎസ് പരിഹസിച്ചു.

കോണ്‍ഗ്രസ്സ് ‘തേരാ പാരാ’ നടക്കുകയാണെങ്കിലും അഹങ്കാരത്തിന് ഒട്ടും കുറവില്ല, വീണിതല്ലോ കിടക്കുന്നു ഭൂമിയില്‍’ എന്നതാണ് കോണ്‍ഗ്രസ്സിന്റെ അവസ്ഥ. കോണ്‍ഗ്രസ്സ് കയ്യൊഴിഞ്ഞ ചെങ്ങന്നൂരില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു സഖാവ് രാമചന്ദ്രന്‍ നായര്‍. അത് മുന്നോട്ട് കൊണ്ടുപോകാനും കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ടുവരാനുമാണ് പിന്‍ഗാമിയായ സജി ചെറിയാനെ വിജയിപ്പിക്കണമെന്ന് എല്‍ഡിഎഫ് അഭ്യര്‍ഥിക്കുന്നത് വിഎസ് കൂട്ടിച്ചേര്‍ത്തു.

Top