മാണിയ്ക്കെതിരെ തെളിവില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് വി.എസ്.അച്യുതാനന്ദന്‍

km mani

തിരുവനന്തപുരം: ബാ‌ര്‍ കോഴക്കേസില്‍ കെ.എം.മാണിയ്ക്കെതിരെ തെളിവില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് വി.എസ്.അച്യുതാനന്ദന്‍ കോടതിയില്‍. മാണിക്കെതിരെ തെളിവുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയാണ് വിജിലന്‍സ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും വി.എസ് കോടതിയില്‍ വാദിച്ചു.

മാണിയ്ക്കെതിരായ ആരോപണത്തില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും വിജിലന്‍സ് ഇക്കാര്യത്തില്‍ നിസംഗ നിലപാടാണ് സ്വീകരിച്ചതെന്നും വി.എസ് പറഞ്ഞു.

കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ നിന്നു മന്ത്രി വി.എസ്.സുനിൽ കുമാർ പിൻമാറിയിരുന്നു. വിജിലൻസ് സർക്കാർ വകുപ്പാണെന്നും താൻ സർക്കാരിന്റെ ഭാഗമായതിനാൽ കേസിൽ കക്ഷിചേരുന്നില്ലെന്നും മന്ത്രിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. നേരത്തേ കക്ഷി ചേർന്നിരുന്ന സുനിൽകുമാറിനു വിജിലൻസിന്റെ അന്തിമ റിപ്പോർട്ടിൽ തടസ്സ ഹർജി ഉണ്ടോയെന്നു കോടതി ആരാഞ്ഞതിനെ തുടർന്നാണ് ഈ നിലപാടു വ്യക്തമാക്കിയത്.

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ബാറുടമകള്‍ കെ.എം.മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണമാണ് കേസിനാധാരം. മൂന്നാമത്തെ തുടരന്വേഷണത്തിലും ബാറുടമകളാരും മാണിക്കെതിരെ തെളിവു നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരായില്ല. ശാസ്ത്രീയ തെളിവോ , സാഹചര്യത്തെളിവോ ഇല്ലാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ നിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കെ.എം. മാണി ഹൈക്കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിന് ഹൈക്കോടതി നേരത്തേ 45 ദിവസം അനുവദിച്ചിരുന്നു.

Top