സ്വാമി അഗ്നിവേശിനെതിരായ അക്രമം ആസൂത്രിതം,മനസ്സാക്ഷിയെ ഞെട്ടിച്ച കാടത്തമാണെന്ന് വി.എസ്

Vsachuthanathan

തിരുവനന്തപുരം : ജാര്‍ഖണ്ഡില്‍ സ്വാമി അഗ്‌നിവേശിനെ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവം സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച കാടത്തമാണെന്ന് വി.എസ് അച്യുതാനന്ദന്‍.

രാജ്യമാകെ അപലപിക്കേണ്ട സംഭവമാണിത്. അദ്ദേഹത്തെ കഠിനമായി മര്‍ദ്ദിക്കുകയും, വസ്ത്രം വലിച്ചുകീറുകയും ചെയ്തു. മൊബൈല്‍ ഫോണും, കണ്ണടയും പിടിച്ചുപറിച്ചു. നിലത്തുവീണ അദ്ദേഹം കൈകൂപ്പി അപേക്ഷിച്ചിട്ടും മര്‍ദ്ദനം നിര്‍ത്തിയില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങേയറ്റത്തെ നീചപ്രവര്‍ത്തിയാണിതെന്നും വി എസ് പറഞ്ഞു.

രാജ്യാന്തര അംഗീകാരമുള്ള സാമൂഹ്യപ്രവര്‍ത്തകനും, പണ്ഡിതനുമാണ് സ്വാമി അഗ്‌നിവേശ്. ഉപരി, ഇന്ത്യയുടെ മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതില്‍ ബദ്ധകങ്കണമായി പ്രവര്‍ത്തിക്കുന്ന മഹത്‌വ്യക്തിയാണ് അദ്ദേഹമെന്നും വി എസ് ചൂണ്ടിക്കാട്ടി.

ആക്രമണത്തിന് ഒരുവിധ പ്രകോപനവും ഉണ്ടായിരുന്നില്ല. അവിടുത്തെ ആദിവാസികളുടെ ഒരു ഉത്സവാഘോഷത്തില്‍ പങ്കു ചേരാന്‍ വന്നതാണ് അദ്ദേഹം. ഏറ്റവും അധ:സ്ഥിതമായ ഒരു വിഭാഗം ജനങ്ങളോടൊപ്പം, അവരുടെ ആഘോഷത്തിനു എത്തിയത് അദ്ദേഹത്തിന്റെ മാനവികതയെയാണ് കാണിക്കുന്നത്. അങ്ങനെയുള്ള അദ്ദേഹത്തെ ആക്രമിച്ചത് ഏറ്റവും മനുഷ്യത്വരഹിതമാണ്.

ഈ ആക്രമണം ആസൂത്രിതമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ആക്രമണത്തില്‍ തെറ്റില്ലെന്ന മട്ടിലുള്ള ബിജെപി വക്താവ് പ്രതുല്‍ ഷാദിയൊയുടെ പ്രതികരണം ഇതിനു തെളിവാണ്. സ്വാമി താമസിച്ച ഹോട്ടലിനു മുന്നില്‍ മര്‍ദ്ദനത്തിനു മുമ്ബ് ആക്രമികള്‍ അക്രോശം മുഴക്കിയിരുന്നു. ആ സമയം പൊലീസ് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മര്‍ദ്ദനം ഒഴിവാക്കാമായിരുന്നു. ഹോട്ടലിന് മുന്നിലിട്ടാണ് മര്‍ദ്ദിച്ചത്. ആക്രമികളെ തത്സമയം പിടികൂടാമായിരുന്നു. ഈ ആക്രമണം തീര്‍ത്തും ആസൂത്രിതമാണെന്നതിന്റെ വ്യക്തമായ സൂചനകളാണിവ. ‘ജയ് റാം’ എന്നു വിളിച്ചുകൊണ്ടായിരുന്നു യുവമോര്‍ച്ചക്കാര്‍ സ്വാമി അഗ്‌നിവേശിനെ ആക്രമിച്ചത്.

ബിജെപിയുടെയും, സംഘപരിവാറിന്റെയും ഈ ഫാസിസ്റ്റ് പ്രവണതയ്‌ക്കെതിരെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും വേണമെന്നും വി എസ് വ്യക്തമാക്കി.

Top