Vodafone and BSNL- towers -share

കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലും ടെലികോം കമ്പനിയായ വോഡഫോണും 2ജി ഇന്‍ട്രാ സര്‍ക്കിള്‍ റോമിങ്ങില്‍ സഹകരിക്കുന്നു.

ധാരണപ്രകാരം ഇരു കമ്പനികളും ടവറുകള്‍ ഉള്‍പ്പെടെയുള്ളവ പങ്കുവയ്ക്കും. ഇരുകമ്പനികള്‍ക്കും നെറ്റ്‌വര്‍ക് വ്യാപിപ്പിക്കാനും സേവനം മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നു കരുതുന്നതായി ധാരണാപത്രം ഒപ്പുവച്ച ശേഷം കമ്പനി അധികൃതര്‍ അറിയിച്ചു.

രാജ്യത്താകെ 1,37,000 ടവറുകളാണു വോഡഫോണിനുള്ളത്. ബിഎസ്എന്‍എല്ലിന് 1,14,000. ഗ്രാമങ്ങളില്‍ വോഡഫോണിനും നഗരങ്ങളില്‍ ബിഎസ്എന്‍എല്ലിനും സഹകരണം കൂടുതല്‍ കരുത്തു പകരുമെന്നാണു കമ്പനികളുടെ അവകാശവാദം.

മറ്റു ടെലികോം കമ്പനികളുമായി ചേര്‍ന്നു ടവറുകള്‍ ഉള്‍പ്പെടെ പങ്കുവച്ചു രാജ്യത്തുടനീളം നെറ്റ്‌വര്‍ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണെന്നു ബിഎസ്എന്‍എല്‍ ചെയര്‍മാനും എംഡിയുമായ അനുപം ശ്രീവാസ്തവ പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട വോയ്‌സ്, ഡേറ്റ സേവനം ഉപയോക്താക്കള്‍ക്കു ലഭ്യമാക്കുന്നതിനാണു ശ്രമമെന്നു വോഡഫോണ്‍ ഇന്ത്യ എംഡിയും സിഇഒയുമായ സുനില്‍ സൂദ് പറഞ്ഞു.

Top