കോണ്‍ഗ്രസ്സിന് വൻ തിരിച്ചടിയായി സുധീരൻ, യു.ഡി.എഫിൽ നിന്നും രാജിവച്ചു !

തിരുവനന്തപുരം : യു.ഡി.എഫ് ഉന്നത അധികാര സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു. ഇ-മെയില്‍ വഴിയാണ് കെപിസിസി നേതൃത്വത്തെ ഇക്കാര്യം സുധീരന്‍ അറിയിച്ചത്. ഇനി യുഡിഎഫ്‌ യോഗത്തിലേക്കില്ലെന്നും സുധീരന്‍ വ്യക്‌തമാക്കി.

രാജ്യസഭാ സീറ്റ് വിഷയത്തില്‍ നേരത്തെ സുധീരന്‍ പ്രതിഷേധിച്ചിരുന്നു. കെ.പി.സി.സി നേതൃത്വത്തിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

പൊതു സമൂഹത്തിനിടയിൽ സുധീരനോളം ജനപിന്തുണയുള്ള മറ്റൊരു നേതാവും കോൺഗ്രസ്സിൽ ഇല്ലാത്തതിനാൽ വലിയ പ്രഹരമാണ് യു.ഡി.എഫിനെ സംബന്ധിച്ച് ഇപ്പോൾ ഈ രാജിയോടെ ഉണ്ടായിരിക്കുന്നത്.

രാജിയില്‍ കോൺഗ്രസ്സ് നേതാക്കൾ എല്ലാം ഞെട്ടിയിരിക്കുകയാണ്. കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം.ഹസ്സൻ, രമേശ് ഉമ്മൻ ചാണ്ടി എന്നിവർ കെ.എം മാണിയെ മുന്നണിയിലെടുത്തതും രാജ്യസഭ സീറ്റ് നൽകിയതുമാണ് സുധീരനെ ചൊടിപ്പിച്ചിരിക്കുന്നത്.

വാക്ക് ഒന്നും പ്രവർത്തി രണ്ടുമായി കാണാൻ തനിക്ക് കഴിയില്ലന്ന് നേതാക്കളോട് അദ്ദേഹം തുറന്നടിച്ചിരുന്നു.

താൻ ഉൾപ്പെടെ കോൺഗ്രസ്സിലെ ഭൂരിപക്ഷത്തിന്റെ പ്രതിഷേധം അവഗണിച്ച് നേതൃത്വം മുന്നോട്ട് പോകുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലന്ന പ്രഖ്യാപനം കൂടിയാണ് ഈ രാജി.

ലോകസഭ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ യു.ഡി.എഫിനെയും കോൺഗ്രസ്സ് ഹൈക്കമാന്റിനെയും സുധീരന്റെ രാജി വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

Top