വിസില്‍ ബ്ലോവേഴ്‌സ് നിയമത്തിന്റെ സംരക്ഷണം; ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍

കൊച്ചി: സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസിന് വിസില്‍ ബ്ലോവര്‍ നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്നു സര്‍ക്കാര്‍. കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കുമെന്നാണു റിപ്പോര്‍ട്ട്.

ജേക്കബ് തോമസിന് വിസില്‍ ബ്ലോവര്‍ നിയമത്തിന്റെ പരിരക്ഷ ബാധകമല്ല. ഡിജിപി സ്ഥാനത്തിരുന്ന് സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതിനാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയതത്, ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തതിന്റെ കാര്യകാരണങ്ങള്‍ വിദശീകരിച്ചാവും സര്‍ക്കാര്‍ സത്യവാങ്മുലം നല്‍കുക.

അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ ജേക്കബ് തോമസിന് നടപടി നേരിടേണ്ടി വന്നിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജേക്കബ് തോമസിന്റേത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായുള്ള ജോലിയാണെന്നും അതിനാല്‍ തന്നെ അഴിമതി ചൂണ്ടിക്കാട്ടുന്ന വിഭാഗമായ വിസില്‍ ബ്ലോവേഴ്‌സിന് നല്‍കുന്ന സംരക്ഷണത്തിന്റെ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവേഴ്‌സ് നിയമ പ്രകാരം സംരക്ഷണം തേടിയാണ് ഡി.ജി.പി ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ജേക്കബ് തോമസ് ആരോപിച്ചു. ഈ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം ഹൈക്കോടതി തേടിയിട്ടുണ്ട്.

വിസില്‍ ബ്ലോവര്‍ നിയമപ്രകാരം സംരക്ഷണം ആവശ്യപ്പെട്ടു ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി മാര്‍ച്ച് ആദ്യം പരിഗണിക്കാനായി ഹര്‍ജി മാറ്റി.

താന്‍ കേരളത്തില്‍ സുരക്ഷിതനല്ലെന്നും സുരക്ഷിതമായ സ്ഥലത്ത് പോസ്റ്റിംഗ് നല്‍കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് 2017 ഫെബ്രുവരി 27-നു പ്രധാനമന്ത്രിയുടെ ഓഫീസിന് നിവേദനം നല്‍കിയിരുന്നു. അതുപ്രകാരം സ്വീകരിച്ച നടപടി അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Top