സ്‌കൂളില്‍ സമ്മാനം നേടിയാല്‍ ഒളിംബിക്‌സ് മത്സരത്തില്‍ ഓടാന്‍ കഴിയില്ല, വിശാലിനോട്

ചെന്നൈ: നടന്‍ വിശാല്‍ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ തമിഴ് സിനിമാലോകത്ത് പ്രതിഷേധവും പരിഹാസവും.

സ്‌കൂളില്‍ ഒന്നാം സമ്മാനം നേടിയതിന് ഒളിംബിക്‌സില്‍ ഓടാന്‍ കഴിയില്ലന്നാണ് ഇതു സംബന്ധമായി നടി കസ്തൂരി പ്രതികരിച്ചത്.

തമിഴ് സിനിമാ താരസംഘടനയുടെയും നിര്‍മ്മാതാക്കളുടെ സംഘടനയുടെയും തലപ്പത്ത് വിശാല്‍ എത്തിയത് മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ പ്രതികരണം.

വിജയിച്ച് എം.എല്‍.എ ആകുന്നതിനല്ല, മറ്റേതോ കാരണത്താലാണ് വിശാല്‍ മത്സര രംഗത്തിറങ്ങിയതെന്നാണ് കസ്തൂരിയുടെ അഭിപ്രായം.

വിശാലിന്റെ വീട്ടിലും ഓഫീസിലും അടുത്തയിടെ നടന്ന ഇന്‍കം ടാക്‌സ് റെയ്ഡ് പരാമര്‍ശിച്ച കസ്തൂരി ഇന്‍കം ടാക്‌സ് റെയ്ഡ് നേരിട്ടവരെല്ലാം തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്നും കളിയാക്കി.

വിശാല്‍ നിര്‍മാതാക്കളുടെ സംഘടനയുടെ ഭാരവാഹി സ്ഥാനത്ത് നിന്നും രാജിവച്ച് വേണം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെന്ന് പ്രമുഖ സംവിധായകനും നിര്‍മാതാവുമായ ചേരന്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് ഒരു വിഭാഗം നിര്‍മ്മാതാക്കളിപ്പോള്‍ പ്രക്ഷോഭരംഗത്തിറങ്ങിയിരിക്കുകയാണ്.

രാഷ്ട്രീയ നേത്യത്വങ്ങളെ വെല്ലുവിളിച്ച് തിരഞ്ഞെടുപ്പില്‍ നിര്‍മ്മാതാക്കളുടെ സംഘടന പ്രസിഡന്റ് എന്ന നിലയില്‍ മത്സരിക്കാന്‍ അനുവദിക്കില്ലന്നാണ് ചേരനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്.

ഭാരവാഹിയായ ശേഷം സംഘടനയെ തിരിഞ്ഞ് നോക്കാത്ത വിശാല്‍ എങ്ങനെ ആര്‍.കെ.നഗറിലെ ജനങ്ങളോട് നീതി പുലര്‍ത്തുമെന്നതാണ് ഇവരുടെ ചോദ്യം.

വിശാലിനു വേണ്ടി താരങ്ങള്‍ പ്രചരണത്തിനിറങ്ങില്ലന്ന് നടന്‍ രാധാരവിയും വ്യക്തമാക്കി.

ശരത് കുമാര്‍ അടക്കമുള്ള താരങ്ങളും വിശാലിനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം വിശാലിന്റെയും ജയലളിതയുടെ സഹോദര പുത്രി ദീപയുടേയും പ്രകടന പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

Top