യുവിയെ പോലെ യുവി മാത്രം; ഇത്രയും മികച്ച താരത്തെ ഇന്ത്യയ്ക്ക് ഒരിക്കലും കിട്ടില്ലെന്ന് സേവാഗ്

yuvaraj

യുവരാജിനെ പോലെയൊരു ക്രിക്കറ്ററെ ഇന്ത്യയ്ക്ക് ഒരിക്കലും കിട്ടില്ലെന്ന് വിരേന്ദ്ര സേവാഗ്. 2018-ലെ ഐപിഎല്‍ താരലേലത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് സേവാഗ് യുവരാജിനെ പിന്തുണച്ച് മുന്നോട്ട് വന്നിരിക്കുന്നത്. ഈ സീസണില്‍ യൂവി മാച്ച് വിന്നറാണെന്ന് തെളിയിക്കുമെന്നും സേവാഗ് അഭിപ്രായപ്പെട്ടു. യുവിയെ ഐപിഎല്ലില്‍ വിലകുറച്ച് കാണരുതെന്നും സെവാഗ് വ്യക്തമാക്കി.

‘യുവി ദേശീയ ടീമില്‍ ഇല്ലെന്നത് ഒരു പ്രശ്‌നമല്ല. ഇപ്പോഴത്തെ ഇന്ത്യന്‍ സംഘത്തില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഫോം നഷ്ടപ്പെടാം. യുവി മികച്ച താരമാണ്. അദ്ദേഹത്തെ പോലൊരു താരം ഇനിയൊരിക്കലും ഇന്ത്യക്ക് ലഭിക്കില്ല. അദ്ദേഹത്തിന്റെ ഫോം നല്ലതാണെങ്കില്‍ കളി ജയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും സേവാഗ് പറഞ്ഞു

ഫിറ്റ്‌നെസും സ്ഥിരതയില്ലായ്മയും തിരിച്ചടിച്ചതോടെ ദേശീയ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട കളിക്കാരനായിരുന്നു 36കാരനായ യുവി. സയ്യിദ് മുഷ്താഖ് അലി ടി-20 ട്രോഫി ടൂര്‍ണ്ണമെന്റില്‍ ഡല്‍ഹിക്കെതിരെ അര്‍ദ്ധസെഞ്ചുറി നേടിയതൊഴിച്ചാല്‍ ഈ പഞ്ചാബ് താരത്തിന് ബാറ്റ് കൊണ്ടും ബോളു കൊണ്ടും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണ ഇദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തിയതുമില്ല.

എന്നാല്‍ ഇപ്പോഴത്തെ ഫോമില്ലായ്മ പ്രശ്‌നമാണെങ്കിലും 2011 ലെ ടി-20 ലോകകപ്പില്‍ മാന്‍ ഓഫ് ദ ടൂര്‍ണ്ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട യുവിയെ കുട്ടിക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനായാണ് കരുതപ്പെടുന്നത്. ഇതാണ് ഇപ്പോഴും യുവി തന്റെ ദിവസങ്ങളില്‍ കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണെന്ന സെവാഗിന്റെ അഭിപ്രായത്തിന് പിന്നില്‍.

ഇതുവരെ ഐപിഎല്ലില്‍ 120 മത്സരങ്ങളാണ് യുവി കളിച്ചത്. 25.61 ശരാശരിയില്‍ 2587 റണ്ണാണ് യുവിയുടെ സമ്പാദ്യം. 131.19 സ്‌ട്രൈക്ക് റേറ്റുളള താരത്തിന് പക്ഷെ സ്ഥിരതയില്ലായ്മ എപ്പോഴും വിലങ്ങായി. ഇതോടെ ഫ്രാഞ്ചൈസികള്‍ മാറിമാറി കളിക്കേണ്ടി വന്നു യുവിക്ക്.

2008 ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം കളി തുടങ്ങിയ യുവി 2011 ല്‍ പുണെ വാരിയേഴ്‌സിലേക്ക് മാറി. എന്നാല്‍ 2014 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 14 കോടിക്ക് ഇദ്ദേഹത്തെ സ്വന്തമാക്കി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 16 കോടിക്ക് ഇദ്ദേഹത്തെ തങ്ങളുടെ ഭാഗമാക്കി. 2016 ല്‍ താരലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇദ്ദേഹത്തെ സ്വന്തമാക്കി. 2018 ല്‍ പക്ഷെ വീണ്ടും താരലേലത്തിലേക്ക് തന്നെ യുവ്‌രാജ് സിങ് വീണ്ടുമെത്തിയിരിക്കുകയാണ്.

Top