സച്ചിന്റെ റിക്കാര്‍ഡുകള്‍ തകര്‍ക്കാന്‍ വിരാട് കോഹ്ലിക്കാകുമെന്ന് വീരേന്ദര്‍ സെവാഗ്

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ബാറ്റിംഗ് റിക്കാര്‍ഡുകള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്ലിക്കാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.

ഏറ്റവും കുറഞ്ഞത് 10 വര്‍ഷം കൂടി കോഹ്ലിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനാകും. ഇക്കാലയളവിനുള്ളില്‍ സച്ചിന്റെ റിക്കാര്‍ഡുകള്‍ തകര്‍ക്കാന്‍ അദ്ദേഹത്തിനാകുമെന്നും സെവാഗ് പറഞ്ഞു.

മറ്റൊരു സച്ചിന്‍ ക്രിക്കറ്റ് ലോകത്ത് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. എന്നാല്‍ ആ തോന്നലിന് മാറ്റമുണ്ടാക്കാന്‍ കോഹ്ലിക്കു സാധിച്ചു. സ്ഥിരതയാര്‍ന്ന പ്രകടനം തുടര്‍ന്നാല്‍ തന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലാണ് കോഹ്ലി ഏകദിന ക്രിക്കറ്റില്‍ 30ാം സെഞ്ചുറി തികച്ചത്. ഇതോടെ മുന്‍ ഓസീസ് നായകന്‍ റിക്കി പൊണ്ടിംഗിന്റെ റിക്കാര്‍ഡിനൊപ്പമെത്താനും കോഹ്ലിക്ക് സാധിച്ചിരുന്നു.

ഇനി കോഹ്ലിക്കു മുന്നില്‍ 49 ഏകദിന സെഞ്ചുറികള്‍ നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മാത്രമാണുള്ളത്.

Top