പഠന നിഷേധത്തിന് സ്വന്തം മരണം കൊണ്ട് മറുപടി നല്‍കിയ അനിതയുടെ വീട്ടില്‍ വിജയ്

ചെന്നൈ: തമിഴകത്തെ ഇപ്പോഴത്തെ സെന്‍സേഷനാണ് അനിത.

പ്ലസ് ടുവിന് 98 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചിട്ടും ‘നീറ്റില്‍’ തട്ടി മെഡിക്കല്‍ മോഹം നിഷേധിക്കപ്പെട്ട പെണ്‍കുട്ടി.

തന്നെ പോലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിഷേധിക്കുന്നതിനെതിരെ സ്വന്തം മരണം കൊണ്ട് പ്രതിഷേധാഗ്‌നി ഉയര്‍ത്തിയാണ് അനിത തിരിച്ചടിച്ചത്.

പ്ലസ് ടുവിന് 1200-ല്‍ 1176 മാര്‍ക്കാണ് അനിത നേടിയത്. നീറ്റ് പരീക്ഷക്കെതിരെ അനിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തമിഴ്‌നാട്ടില്‍ പ്ലസ്ടു വരെ തമിഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടുണ്ടെന്നു കാണിച്ചായിരുന്നു അനിത സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നുമില്ല.

തന്റെ മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞതോടെയായിരുന്നു മരണം അനിത തിരഞ്ഞെടുത്തിരുന്നത്.

ഈ വിദ്യാര്‍ത്ഥിനിയുടെ മരണമിപ്പോള്‍ തമിഴകത്തെ ആകെ ഉലച്ചിരിക്കുകയാണ്.

21622007_2001897763379421_1987759934_n

നീറ്റ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് അനിതയുടെ മരണം ഉയര്‍ത്തിയ നെരിപ്പ് ആളിക്കത്തിച്ച് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയതോടെ ജല്ലിക്കെട്ട് മാതൃകയില്‍ തമിഴകം സമര തീയില്‍ ചുട്ടുപൊള്ളുന്ന കാഴ്ചയാണ് എങ്ങും.

എസ്.എഫ്.ഐ, എന്‍.എസ്.യു, ഡി.എം.കെ വിദ്യാര്‍ത്ഥി വിഭാഗം തുടങ്ങിയവയൊക്കെ സജീവമായി രംഗത്തുണ്ട്.

സമരം പ്രതിപക്ഷം ഒന്നാകെ ഏറ്റെടുത്തതിനാല്‍ സര്‍ക്കാറും പ്രതിരോധത്തിലായിരിക്കുകയാണ്.

തമിഴ് സിനിമാരംഗത്ത് നിന്നും പല താരങ്ങളും അനിതയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ തരംഗമായി പടരുന്നത് ഇളയദളപതി വിജയ്‌യുടെ സ്‌റ്റൈലന്‍ എന്‍ട്രിയാണ്.

മരണപ്പെട്ട അനിതയുടെ കുടിലില്‍ നേരിട്ടെത്തി കുടുംബത്തിനൊപ്പം തറയിലിരുന്ന് സൂപ്പര്‍ താരം ആശ്വസിപ്പിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

എല്ലാവിധ സാമ്പത്തിക സഹായവും അനിതയുടെ കുടുംബത്തിന് വിജയ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇതാണ് തങ്ങളുടെ ദളപതിയെന്ന് പറഞ്ഞ് വിജയ് ആരാധകര്‍ സംഭവം ആഘോഷമാക്കുക മാത്രമല്ല, ഇപ്പോള്‍ വിജയ് ഫാന്‍സും പ്രക്ഷോഭ രംഗത്തേക്ക് സജീവമായി ഇറങ്ങുകയും ചെയ്തിരിക്കുകയാണ്.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പിന്‍ഗാമിയായി തമിഴകം വിലയിരുത്തുന്ന വിജയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്.

കേരളത്തിലും മമ്മുട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ആരാധകരോട് കിടപിടിക്കുന്ന വലിയ സ്വാധീനം ദളപതിക്കുണ്ട്.

പാലക്കാട് വിജയ് കട്ടൗട്ടില്‍ പാലഭിഷേകം നടത്തവെ താഴെ വീണു മരിച്ച ആരാധകന്റെ വീട്ടിലും നേരിട്ടെത്തി അദ്ദേഹം കുടുംബത്തെ ആശ്വസിപ്പിക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു.

നേരത്തെ, അനിതയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി രജനീകാന്തും കമല്‍ഹാസനും രംഗത്തെത്തിയിരുന്നു.

നടനും സംഗീതസംവിധായകനുമായ ജി.വി പ്രകാശ്, സംവിധായകന്‍ പാ. രഞ്ജിത്ത് എന്നിവരും കുഴുമൂര്‍ ഗ്രാമത്തിലെ അനിതയുടെ വീട്ടില്‍ എത്തിയിരുന്നു. നടന്‍ സൂര്യ പ്രമുഖ തമിഴ് പത്രത്തില്‍ നീറ്റിനെതിരെ ലേഖനവുമെഴുതിയിരുന്നു.

Top