വിജയ് ആരാധകരെ ചൊടിപ്പിച്ച ആ ഫോട്ടോ; പുലിവാലു പിടിച്ച് കീര്‍ത്തി

keerthi

തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം മഹാനടിക്കു ശേഷം സിനിമാ ലോകത്ത് തിരക്കേറിയ നടിയായി മാറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. ഇപ്പോള്‍ വിജയ്‌യുടെ പേരിടാത്ത ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് കീര്‍ത്തി. ലൊക്കേഷനിലെ ഇരുവരുടെയും സ്റ്റില്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രം പുറത്തുവന്നതോടെ കീര്‍ത്തിക്ക് വിജയ് ആരാധകരുടെ പൊങ്കാല വര്‍ഷമാണ്. ഫോട്ടോ എടുക്കുമ്പോള്‍ നോക്കിയും കണ്ടുമൊക്കെ നില്‍ക്കണ്ടേ എന്നാണ് ആരാധകരുടെ കമന്റ്.

ചിത്രത്തില്‍ കീര്‍ത്തി സോഫയിലും വിജയ് നിലത്തുമാണ് ഇരിക്കുന്നത്. ഇതില്‍ തന്നെ ആരാധകര്‍ക്ക് ദേഷ്യമുണ്ടെങ്കിലും അതൊന്നുമല്ല പ്രധാന കാരണം. കീര്‍ത്തിയുടെ കാല്‍ വിജയ്‌യുടെ കാലിനു മുകളിലാണ് കയറ്റി വെച്ചിരിക്കുന്നത്.

ഇത്രയും സീനിയറായ നായകനെ ചവിട്ടാന്‍ താരതമ്യേന പുതുമുഖമായ കീര്‍ത്തിക്കെങ്ങനെ ധൈര്യം വന്നുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ചിത്രത്തിലെ ഏതെങ്കിലും രംഗത്തിനായുള്ള റിഹേഴ്‌സലാണോ ഇതെന്ന് ചോദിക്കുന്നവരുമുണ്ട്. ഇതേ തുടര്‍ന്ന് വിജയ് ആരാധകര്‍ കടുത്ത പ്രതിഷേധവുമായി ട്വിറ്ററിലും ഫേസ്ബുക്കിലും രംഗത്തെത്തി.

Top