ദിലീപിനെ അനുകൂലിച്ച് വിജിലന്‍സ്; ഡി സിനിമാസിനായി ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തൃശൂര്‍: ചാലക്കുടിയില്‍ ഡി സിനിമാസ് തീയറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനായി ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്.

അനധികൃത നിര്‍മ്മാണം നടന്നിട്ടില്ല. മുന്‍ ജില്ലാ കലക്ടറുടെ നടപടിയും നിയമപരമായിരുന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

ഡി സിനിമാസ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറിയയെന്ന ആരോപണത്തെ തുടര്‍ന്ന് റവന്യൂ, സര്‍വേ വിഭാഗങ്ങള്‍ പരിശോധന നടത്തിയിരുന്നു. ജില്ലാ സര്‍വെയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു.

ഭൂമി കൈയേറ്റമില്ലെന്ന റിപ്പോര്‍ട്ടായിരുന്നു സര്‍വെ സൂപ്രണ്ടും നല്‍കിയത്. തീയറ്ററിന് വേണ്ടി സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമി കൈയേറി എന്ന ആരോപണം തെറ്റാണെന്ന് ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഡി സിനിമാസിനൊപ്പമുള്ളത് സമീപമുള്ള ഒരു ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ്. സര്‍ക്കാരിന്റെയോ പുറമ്പോക്കോ ആയ ഭൂമി ഡി സിനിമാസില്‍ ഇല്ലെന്നു ജില്ലാ കലക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ജില്ലാ സര്‍വേ സൂപ്രണ്ടും വ്യക്തമാക്കിയിരുന്നതാണ്.

സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ക്ഷേത്രത്തിന്റെ 90 സെന്റില്‍ ഒന്നര സെന്റ് സ്ഥലം ദേശീയപാതയ്ക്കായി വിട്ടുകൊടുത്തിരുന്നു. വിട്ടുകൊടുത്ത ഭൂമിയുടെ രേഖയില്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയപ്പോള്‍ ദിലീപിന്റെ ഭൂമിയിലും പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിരുന്നു. അത് പിന്നീട് തിരുത്തിവാങ്ങിയിരുന്നു.

ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോട് പുറമ്പോക്കും ഉള്‍പ്പെടുന്നതായും ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു സര്‍വേ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

Top