Vigilance FIR against km mani ;tax exemption

കൊച്ചി: കോഴി കച്ചവടക്കാരുടെയും ആയുര്‍വേദ ഉല്പന്ന കമ്പനികളുടെയും നികുതി വെട്ടിപ്പ് എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം. മാണി പതിനഞ്ചര കോടിയോളം രൂപ സ്വന്തമാക്കി എന്ന പരാതിയില്‍ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

65 കോടി രൂപയുടെ നികുതിക്ക് നിരുപാധിക സ്റ്റേ അനുവദിച്ചെന്നും ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും വിജിലന്‍സ് പറഞ്ഞു. ആയുര്‍വേദ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളുടെ നികുതി നാല് ശതമാനമായി കുറച്ചതില്‍ വന്‍അഴിമതി നടന്നതായും വിജിലന്‍സ് പറയുന്നു.

ഇന്നലെ മകളുടെ വീട്ടില്‍വെച്ചാണ് വിജിലന്‍സ് മാണിയുടെ മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് തയ്യാറാക്കിയ എഫ്.ഐ.ആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. മാണിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനെതിരെയും കേസെടുത്തിട്ടുണ്ട്.

രണ്ട് ഇടപാടുകളിലുമായി ഖജനാവിന് 200 കോടിയോളം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പരാതിയിലെ ആരോപണം. ബ്രോയിലര്‍ ചിക്കന്‍ മൊത്തക്കച്ചവടക്കാരായ തൃശ്ശൂര്‍ കൊമ്പൊടിഞ്ഞാമാക്കല്‍ ആസ്ഥാനമായുള്ള ഗ്രൂപ്പിന്റെ 65 കോടിയുടെ നികുതി വെട്ടിപ്പ് എഴുതിത്തള്ളുന്നതിന് 50 ലക്ഷം രൂപ മാണി വാങ്ങിയതായി പരാതിയിലുണ്ട്.

എറണാകുളം, ഇടുക്കി, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലുള്ള ചില ആയുര്‍വേദ കമ്പനികള്‍ക്കു വേണ്ടി സൗന്ദര്യവര്‍ധക വസ്തുക്കളുടെ വര്‍ധിപ്പിച്ച നികുതി മുന്‍കാല പ്രാബല്യത്തോടെ കുറച്ചു കൊടുത്തതിലൂടെ ഖജനാവിന് 150 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയതായും ആരോപണമുണ്ട്.

ആയുര്‍വേദ സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങള്‍ ആയുര്‍വേദ മരുന്നുകള്‍ എന്ന പേരില്‍ 4 ശതമാനം നികുതി മാത്രം നല്‍കിയാണ് നേരത്തെ വിറ്റഴിച്ചുകൊണ്ടിരുന്നത്. എന്നാല്‍, 2009ല്‍ ഇത്തരം ആയുര്‍വേദ ഉല്പന്നങ്ങളുടെ നികുതി 12.5 ശതമാനമായി വര്‍ദ്ധിപ്പിച്ച് വാണിജ്യ നികുതി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ ചില ആയുര്‍വേദ ഉല്പന്ന കമ്പനികള്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും വാദം തള്ളി. തുടര്‍ന്ന് മാണിയുടെ തിരുവനന്തപുരത്തെയും പാലായിലെയും വസതികള്‍ കേന്ദ്രീകരിച്ച് സ്ഥാപനമുടമകളുമായി ചര്‍ച്ചകള്‍ നടന്നെന്നാണ് പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് 2011ലെ ധനകാര്യ ബില്ലിന്റെ വേളയില്‍ 12.5 ശമതാനം നികുതി 5 ശതമാനമായി കുറച്ചുകൊടുത്തു. പിന്നീട് 2012ലെ ബജറ്റില്‍ ഇത് നാല് ശതമാനമായി മുന്‍കാല പ്രാബല്യത്തോടെ ഇളവ് ചെയ്തു കൊടുക്കുകയും ചെയ്തു. വര്‍ദ്ധിപ്പിച്ച നികുതി മുന്‍കാല പ്രാബല്യത്തോടെ കുറച്ചുകൊടുത്തതിലൂടെ ആയുര്‍വേദ കമ്പനികള്‍ക്ക് ലഭിച്ച 150 കോടി രൂപയില്‍ 15 കോടി രൂപ മാണി വാങ്ങിയെന്നും പരാതിക്കാരനായ അഡ്വ. നോബിള്‍ മാത്യു വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.

Top