ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദം, വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

-bjp

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.

സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ കോഴ വാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ സമിതിയാണ് കണ്ടെത്തിയത്. ആര്‍.എസ്. വിനോദ് വര്‍ക്കല എസ്.ആര്‍. കോളജ് ഉടമ ആര്‍. ഷാജിയില്‍നിന്ന് 5.60 കോടി രൂപ വാങ്ങിയെന്നായിരുന്നു കണ്ടെത്തല്‍. ബിജെപി നേതാവ് എം.ടി. രമേശിന്റെ പേരും റിപ്പോര്‍ട്ടിലുണ്ട്. ഷാജിയുടെ മൊഴിയുടെ ഭാഗത്താണ് എം.ടി. രമേശിന്റെ പേരു പറയുന്നത്.

കെ.പി. ശ്രീശന്‍, എ.കെ. നസീര്‍ തുടങ്ങിയ രണ്ടംഗ സമിതിയായിരുന്നു ആരോപണം അന്വേഷിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള ആര്‍. സുഭാഷിനും കൈമാറിയിരുന്നു. നേതാക്കള്‍ക്കെതിരേ അതീവ ഗുരുതരമായ കണ്ടെത്തലുകളാണു റിപ്പോര്‍ട്ടിലുള്ളത്. വാങ്ങിയ പണം ഡല്‍ഹിയിലേക്കു കുഴല്‍പ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഷാജിയുടെ പരാതിയെത്തുടര്‍ന്നാണു പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയമിച്ചത്. 2017 മേയ് 19നാണ് പരാതി നല്‍കിയത്. പണം നല്‍കിയെങ്കിലും കാര്യം നടന്നില്ല. ഡല്‍ഹിയിലുള്ള ഏജന്റ് സതീഷ് നായര്‍ക്ക് നല്‍കാനാണു പണം വാങ്ങിയതെന്നും ഷാജി പറയുന്നു.

അതേസമയം സംഭവം വിവാദമായതോടെ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. ആരോപണം അതീവ ഗൗരവമുള്ളതാണെന്നും പ്രവര്‍ത്തി മാപ്പര്‍ഹിക്കാത്ത അച്ചടക്ക ലംഘനമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആരോപണങ്ങള്‍ കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Top