vigilance enquiry against km abraham

തിരുവനന്തപുരം: ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ കോളേജുകളിലെ യോഗ്യതയില്ലാത്ത ലൈബ്രേറിയന്‍മാര്‍ക്ക് യു.ജി.സി ശമ്പളത്തില്‍ നിയമിച്ചുവെന്നാണ് പരാതി.

ഇതിലൂടെ സര്‍ക്കാരിന് 20 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് ആക്ഷേപം. 12 വര്‍ഷമായി ഈ നഷ്ടം സര്‍ക്കാര്‍ വഹിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

പ്രിന്‍സിപ്പല്‍മാരുടെയും അധ്യാപകരുടെയും നിയമനത്തിലും യു ജി സി നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല. മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബിന്റെ താല്‍പര്യ പ്രകാരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇസ്ലാമിക് ഹിസ്റ്ററിയില്‍ പി എച്ച് ഡി അനുവദിച്ചതിലും ക്രമക്കേടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

ഇതിലും സര്‍ക്കാരിന് ഒരു കോടി നഷ്ടം ഉണ്ടായി. പി എച്ച് ഡി അനുവദിച്ചത് മന്ത്രിക്ക് താല്‍പര്യം ഉള്ളവരെ അധ്യാപകരായി നിയമിക്കാനായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ശരത് ചന്ദ്രന്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കെ.എം എബ്രഹാമിനതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്നതിനിടയിലാണ് വീണ്ടും വിജിലന്‍സ് ത്വരിതപരിശോധന.

Top