അവസരവാദത്തിന്റെ രാഷ്ട്രീയ മുഖത്തിന് വി.എസിനെ വിമർശിക്കാൻ എന്തവകാശം ?

21586405_506407523058823_1409927079_n

വസരവാദ രാഷ്ട്രീയത്തിന്റെ ‘കപടമുഖമാണ് ‘കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

അദ്ദേഹത്തെ കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന രാഷ്ട്രീയ നേതാവായ വി.എസ് അച്ചുതാനന്ദന്‍ വിമര്‍ശിച്ചതില്‍ എന്താണ് തെറ്റ് ?

ഒരു ഇടതുപക്ഷ സഹയാത്രികനു സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് വി.എസ് കുറ്റപ്പെടുത്തിയതിനെ പരിഹസിച്ച് ‘വി എസ്സിന് എന്തുമാകാം അദ്ദേഹത്തിന് വയസ്സായില്ലേ ‘ എന്ന് ചോദിച്ച കേന്ദ്ര മന്ത്രിയുടെ നടപടി അല്‍പ്പത്തമാണ്.

ഈ പ്രായത്തിലും വി.എസ്സിന്റെ കണ്ണിന്റെ മുന്നില്‍ വന്ന് നിന്ന് പറയാന്‍ ധൈര്യമുണ്ടോ ഐ.എ.എസ് മന്ത്രിക്ക് ?

വിമര്‍ശിക്കുന്നതിനും വേണം ഒരു ‘യോഗ്യത’, ഐ.എ.എസ് അക്കാദമിയില്‍ നിന്നും പഠിച്ച പഠിപ്പ് മതിയാകില്ല കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവും വി.എസിനെയും മനസ്സിലാക്കാന്‍ . .

വി.എസിനെ പോലെ ത്യാഗനിര്‍ഭരമായ ഒരു ജീവിതം സ്വപ്നത്തിലെങ്കിലും ജീവിച്ചു തീര്‍ക്കുന്നതിനെ കുറിച്ച് ആലോചിച്ചാല്‍ തന്നെ കണ്ണന്താനത്തിന്റെ കണ്ണു തള്ളിപ്പോകുമെന്നുറപ്പാണ്.
21552606_506412786391630_1285002085_n
എ.സി. കാറില്‍ പൊലീസ് സംരക്ഷണത്തില്‍ കണ്ണന്താനം തുടങ്ങിയ ഔദ്യോഗിക ജീവിതമല്ല, നെഞ്ചിനു നേരെ വന്ന വെടിയുണ്ടകളെ ചങ്കുറപ്പോടെ നേരിട്ട് മുന്നോട്ട് പോയ വി.എസിന്റെ ചരിത്രം.

പദവിയുടെ കരുത്തിലല്ല, ജനങ്ങളുടെ കരുത്തിലാണ് വി.എസും, എ.കെ.ജി യും ,ഇ.എം.എസുമൊക്കെ ഇവിടെ ഇതിഹാസം തീര്‍ത്തത്.

മന്ത്രി പദവിയില്‍ അഹങ്കരിക്കുന്ന താങ്കള്‍ സ്വന്തം പാര്‍ട്ടി നേതൃത്വത്തിലെ പരിഭവത്തിന് ആദ്യം പരിഹാരം കാണുക. എന്നിട്ടു വേണം വി.എസ്സിനെ പോലെയുള്ളവരെ വിമര്‍ശിക്കാന്‍ രംഗത്തു വരാന്‍.

ഇപ്പോള്‍ ഒരു ‘ചടങ്ങിന് ‘ വേണ്ടി ബിജെപി ഒരുക്കിയ സ്വീകരണ യോഗത്തിലെ ക്രിത്രിമ ചിരികള്‍ കണ്ട് വല്ലാതെ അങ്ങ് അഹങ്കരിക്കരുത്. ആ ചിരിയുടെ അകത്തെ കത്തുന്ന പ്രതിഷേധം അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും.

‘മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയ’ അവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും സംസ്ഥാനത്തെ മിക്ക ബി.ജെ.പി നേതാക്കളും. അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്.

അതിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, പ്രസ്ഥാനത്തിനു വേണ്ടി ഒരു പുരുഷായുസ്സ് മാറ്റിവച്ചവര്‍ക്ക്, ഐ.എ.എസ് പദവി ആവോളം ആസ്വദിച്ച് പിന്നീട് ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയത്തിലിറങ്ങിയവനെ പിടിച്ച് ‘സിംഹാസനത്തില്‍’ ഇരുത്തുന്നത് അത്രപ്പെട്ടന്ന് അംഗീകരിക്കാന്‍ കഴിയില്ലല്ലോ ?

അതും ഏറെ പ്രതീക്ഷയോടെ കേരളം ഉറ്റുനോക്കിയ കേന്ദ്ര മന്ത്രി പദത്തില്‍ തന്നെ.
21552896_506412789724963_493296387_n
ഇടത് പക്ഷത്തിന്റെ ‘ചുവപ്പന്‍’ ടിക്കറ്റില്‍ എം.എല്‍.എ ആവുകയും, പിന്നീട് അധികം താമസിയാതെ കാവിയെ ‘പ്രണയിക്കുകയും’ ചെയ്തതിലെ അനൗചിത്യവും അവസരവാദവും ചുവപ്പിന്റെ വാഹകനായ വി.എസ് ചോദ്യം ചെയ്യുക സ്വാഭാവികം മാത്രമാണ്.

കണ്ണന്താനം മാത്രമല്ല, മണിയടിക്കാരും സില്‍ബന്ധികളുമായ മറ്റു പല മുന്‍ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരും ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയിലുണ്ട്.

പല്ലു കൊഴിഞ്ഞ സിംഹങ്ങള്‍ എന്ന് വിലയിരുത്തപ്പെടുന്നവരും ഇക്കൂട്ടത്തില്‍പെടും. ഭാരതീയ ജനതാ പാര്‍ട്ടി ഭാവിയില്‍ ഭാരതീയ ‘ഉദ്യോഗസ്ഥ’ പാര്‍ട്ടി ആയി മാറിയാല്‍ പോലും അത്ഭുതപ്പെടാനില്ലാത്ത സാഹചര്യമാണ് നിലവില്‍.

യുവത്വത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ് ഈ സര്‍ക്കാര്‍ എന്നു പറയുന്നവര്‍ ഇനി വയസ്സന്‍മാരുടെ സ്വപ്ന സാക്ഷാത്കാരമാണ് തങ്ങളുടെ സര്‍ക്കാറെന്ന് പറയേണ്ടി വരും.

റിട്ടയര്‍മെന്റ് ഒരു പ്രായമായി കണക്കാക്കുന്നില്ല, സമ്മതിച്ചു. അനുഭവസമ്പത്തുള്ളവരെ ഉപയോഗപ്പെടുത്തുക തന്നെ വേണം.

പക്ഷേ. . അതിന് ആവശ്യമില്ലാതെ, പുതുതലമുറയുടെ കരുത്ത് . . യുവത്വം തുളുമ്പുന്ന സര്‍ക്കാര്‍ . . എന്നൊന്നും ഇനി മേലില്‍ വാചകമടിച്ചേക്കരുത്.

അഴിമതിക്കാരായ പാര്‍ട്ടി നേതാക്കളോ, പ്രവര്‍ത്തകരോ ഉണ്ടെങ്കില്‍ അവരെ മാറ്റി നിര്‍ത്തുക എന്നതല്ലാതെ എല്ലാവരെയും മാറ്റി നിര്‍ത്തുക എന്നത് ഒരു ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക്ക് ചേര്‍ന്ന ഏര്‍പ്പാടല്ല. അതിലും ഭേദം കേരള ഘടകം തന്നെ പിരിച്ചുവിടുന്നതായിരുന്നു.

കേന്ദ്ര മന്ത്രിയായി അധികാരമേറ്റ ഉടനെ ബീഫ് വിഷയത്തില്‍ പല തവണ നിലപാട് മാറ്റി മലക്കം മറിഞ്ഞ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടക്കത്തില്‍ തന്നെ വാക്കിന് സ്ഥിരതയില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

ഇനി ഇങ്ങിനെ പലതും ജനങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ . . . കഷ്ടം !

Team Express KeralaRelated posts

Back to top