view- Cadell family murder case, Pinarayi vijayan and his police sacrificing the case

EXPRESS VIEW

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പൊലീസും മേലില്‍ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ഓരോ വീട്ടിലും ഓരോ പൊലീസുകാരനെ കാവലിന് നിയോഗിക്കേണ്ടി വരും !

അത്തരത്തിലാണ് നന്തന്‍കോട് കൂട്ടകൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ബോധപൂര്‍വ്വമായ പ്രചരണം

ഭരിക്കുന്നത് ഇടതു മുന്നണിയായാലും യുഡിഎഫ് ആയാലും ഇനി ബിജെപിയായാല്‍ പോലും ഓരോ വീട്ടിലും നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുക എന്നത് ഭരണകൂടം വിചാരിച്ചാല്‍ മാത്രം നടപ്പുള്ള കാര്യമല്ല എന്നത് ഓര്‍ക്കാതെയാണ് ഈ വിമര്‍ശനങ്ങള്‍.

കുടുംബത്തില്‍ കുറ്റകൃത്യം നടക്കുന്നത് തടയണമെങ്കില്‍ ആദ്യം ജാഗ്രത പാലിക്കേണ്ടത് കുടുംബങ്ങള്‍ തന്നെയാണ്.

മക്കള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കി വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് തന്നെയാണ് ഇതിന്റെ പ്രധാന ഉത്തരവാദിത്വം. അന്യന്റെ വീട്ടില്‍ ഒളിഞ്ഞ് നോക്കുന്ന ‘സദാചാര ‘ പൊലീസിന്റെ ‘ജാഗ്രത ‘യും കാക്കി പടയുടെ നിലബീക്കണ്‍ ലൈറ്റിന്റെ വെളിച്ചവും ഇവിടെ നാം പ്രതീക്ഷിക്കരുത്.

തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന പ്രദേശത്തിനകലെ നടന്ന കൂട്ടകൊലപാതകത്തെ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന കൊലപാതകമായും ക്രമസമാധാനനില തകര്‍ന്നതായും ചിത്രീകരിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മറ്റൊരു ‘കുപ്രചരണ കൂട്ടക്കൊല’ ക്കാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വഴിമരുന്നിട്ടിരിക്കുന്നത്. മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇതിനെ ഹിഡന്‍ അജണ്ടയുടെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ.

പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസില്‍ കുരുങ്ങി പ്രതി പിടിയിലായില്ലായിരുന്നുവെങ്കില്‍ ഈ കൊലപാതകം പിണറായി സര്‍ക്കാറിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകുമായിരുന്നു.

കൊലപാതകം നടന്ന വീടും മുഖ്യ മന്ത്രിയുടെ വസതിയും തമ്മിലുള്ള ദൂരം പോലും മനസ്സിലാക്കാതെയാണ് വിമര്‍ശകര്‍ ആരോപണങ്ങള്‍ പടച്ചു വിടുന്നത്.

കൊല നടന്ന വീട്ടിനടുത്തെ അയല്‍പക്കകാര്‍ക്ക് പോലും വിവരമറിയാന്‍ മൃതദേഹങ്ങള്‍ ചീഞ്ഞുനാറേണ്ടി വന്നു എന്ന യാഥാര്‍ത്ഥ്യം പോലും മുഖവലക്കെടുക്കാതെയാണ് കടന്നാക്രമണം.

ഭരിക്കുന്ന സര്‍ക്കാറിനെതിരെ ഉപയോഗിക്കാന്‍ എന്തു കിട്ടിയാലും അത് ഉപയോഗപ്പെടുത്തുന്ന വിഭാഗം തന്നെയാണ് കൂട്ട കൊലപാതകത്തെ ‘വഴിതിരിച്ചു’ വിടുവാനും ഇപ്പോള്‍ ശ്രമം നടത്തുന്നത്.

ഭരണപക്ഷത്തയും, പൊലീസിനെയും രൂക്ഷമായി വിമര്‍ശിക്കാന്‍ പ്രതിപക്ഷ പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും അരുതാത്ത നടപടിയെ ‘കീറി മുറിച്ച് ‘ വിശകലനം ചെയ്യാനും മാധ്യമങ്ങള്‍ക്കും അവകാശമുണ്ട്. എന്നാല്‍ അത് സാമന്യ യുക്തിക്ക് നിരക്കുന്നതായിരിക്കണം.

സംസ്ഥാനത്തെ ഓരോ വീട്ടിലും എന്താണ് സംഭവിക്കുന്നതെന്ന് എത്തി നോക്കാന്‍ കേരള പൊലീസിന് സാധിക്കുമോ? അതിനുള്ള അംഗബലം ഇവിടുത്തെ പൊലീസിനുണ്ടോ?

അനിവാര്യമായ ഘട്ടത്തില്‍ പോലും കാക്കിയുടെ സാന്നിധ്യം വീട്ടിനു മുന്നില്‍ കണ്ടാല്‍ ‘ഹാലിളകി ‘വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാക്കി ചിത്രീകരിച്ച് സര്‍ക്കാറിനെതിരെ തിരിയുന്നവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞ് ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്.

ഇത് ശരിയായ പ്രവണതയല്ല. അത് കൊണ്ടു തന്നെ ശക്തമായി എതിര്‍ക്കപ്പെടേണ്ടതുമാണ്.

ഇവിടെ സ്വന്തം അപ്പനെയും അമ്മയെയും സഹോദരിയെയുമെല്ലാം പൈശാചീകമായി വെട്ടിക്കൊല്ലാന്‍ കാഡല്‍ ജീന്‍സണ്‍ രാജയെ പ്രേരിപ്പിച്ചതിന് പിന്നില്‍ ന്യൂ ജനറേഷന്‍ കാലത്തെ അപകടകരമായ ‘പ്രവണത ‘യുടെ സാന്നിധ്യം വളരെ വ്യക്തമാണ്.

മക്കളെ വളര്‍ത്തിയത് കൊണ്ടു മാത്രം കാര്യമില്ല, അവര്‍ എങ്ങനെയാണ് വളരുന്നതെന്ന് നിരീക്ഷിക്കാനും മാതാപിതാക്കള്‍ തയ്യാറാവണമെന്ന ഒരു മുന്നറിയിപ്പു കൂടി ഈ കൂട്ടകൊലപാതകം സൂഹത്തിന് നല്‍കുന്നുണ്ട്.

പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥി കൊടി പിടിക്കുന്നത് മഹാ അപരാധമായി കാണുന്ന രക്ഷിതാക്കള്‍ ഉള്ള നാടാണ് കേരളം. സ്വന്തം മക്കളുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അവരില്‍ പലരും മനസ്സിലാക്കുന്നില്ല.

ഓസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ കംപ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയ കാഡല്‍ ജീന്‍സണ്‍ 2009-ല്‍ നാട്ടിലെത്തിയ ശേഷം വീട്ടിലിരുന്നു തന്നെ ജോലി ചെയ്യുകയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

വിശാലമായ ഇന്റര്‍നെറ്റിന്റെ പുതിയ ലോകത്ത് നല്ല പഠനങ്ങളും, സന്ദേശങ്ങളും കണ്ടുപിടുത്തങ്ങളും കച്ചവടങ്ങളും മാത്രമല്ല വ്യക്തിയുടെ ബുദ്ധിശക്തിയെ പോലും വഴിതിരിച്ചുവിടുന്ന അപകടങ്ങളും പതുങ്ങിയിരുപ്പുണ്ട്.

മകന്റെ സഞ്ചാരം ഏതു വഴിക്കാണെന്ന് ഒരു പക്ഷേ നേരത്തെ തിരിച്ചറിയാന്‍ പറ്റിയിരുന്നുവെങ്കില്‍ സ്വന്തം ജീവന്‍ ഈ മാതാപിതാക്കള്‍ക്ക് ബലി കൊടുക്കേണ്ടി വരുമായിരുന്നില്ല.

ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം സ്വന്തം മാതാപിതാക്കള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ വെട്ടി നുറുക്കാന്‍ തനിക്ക് പ്രചോദനമായത് ചാത്തന്‍ സേവയായിരുന്നുവെന്ന് പ്രതി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട് എന്നതാണ്.

മനുഷ്യ ശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പെടുത്തുന്നതിനുള്ള പരീക്ഷണമായിരുന്നുവത്രെ അത്.

എല്ലാം ഓണ്‍ലൈന്‍ ആയി മാറി കൊണ്ടിരിക്കുന്ന പുതിയ കാലത്ത് കൊലക്ക് ഉപയോഗിച്ച മഴു പ്രതി വാങ്ങിയതും ഓണ്‍ലൈനായി തന്നെയാണ്. തന്റെ ഡമ്മിയടക്കം മുന്‍കൂട്ടി തയ്യാറാക്കിവച്ച് കൊലപാതകത്തിലും ‘അതിബുദ്ധി’ കാണിച്ച ഈ യുവാവിനെ എന്തായാലും മാനസികനില തെറ്റിയവനായി കരുതാനാവില്ല.

Team Express Kerala

Top