പേടിപ്പിക്കലൊക്കെ അങ്ങ് ‘പള്ളിയില്‍ പോയി’ പറഞ്ഞാല്‍ മതി, ശരിയുടെ പക്ഷത്ത് നില്‍ക്കും

കുറ്റാരോപിതനായ ദിലീപിനെ കൊടും ക്രിമിനലാക്കി മാധ്യമ വിചാരണ നടത്തി കീറി മുറിക്കുന്നത് ഏത് പി.ആര്‍ ഏജന്‍സിയുടെ കയ്യില്‍ നിന്നും പണം വാങ്ങിയവരാണ് എന്ന് അന്വേഷിച്ചിട്ടു മതി സത്യസന്ധമായി പ്രതികരിക്കുന്നവര്‍ക്ക് നേരെ തിരിയുന്നത്.

പൊലീസ് നടപടികളേയും തെറ്റായ വാര്‍ത്തകളെയും വിമര്‍ശിച്ച് കമന്റിടുന്നവരെ പോലും ക്വട്ടേഷന്‍കാരായി ചിത്രീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ?

ദിലീപ് തെറ്റ് ചെയ്താല്‍ അഴിയെണ്ണും അതുപോലെ തന്നെ പൊലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും നടപടി നേരിട്ടേ പറ്റൂ.

പൊലീസിനു മാത്രമായി ഇവിടെ ഒരു നിയമവും പ്രത്യേകമായി ഉണ്ടാക്കിയിട്ടില്ല. അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെടുന്നവര്‍ കോടതികളില്‍ നിന്നും കുറ്റവിമുക്തരാകുമ്പോള്‍ തിരിച്ച് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുക്കാത്തത് പേടിച്ചിട്ടാണെന്ന് ധരിച്ച് എടുത്ത് ചാടിയാല്‍ ചിലപ്പോള്‍ തൊപ്പി തെറിച്ചെന്നിരിക്കും.

പൊലീസില്‍ ബാഹ്യ ഇടപെടലുകള്‍ അനുവദിക്കില്ല എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് സര്‍ക്കാറിനെ കൂടി വെട്ടിലാക്കുന്ന ഏര്‍പ്പാടാണോ ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ഗൗരവമായി പരിശോധിക്കണം.

ദിലീപിനെതിരെ പറയുന്ന തെളിവുകള്‍ ദുര്‍ബലമായതും തങ്ങള്‍ വിചാരിച്ച ‘അജണ്ട’ പാളുന്നത് കണ്ട് പരിഭ്രാന്തരുമായ ചിലര്‍ ഇപ്പോള്‍ ദിലീപിന് അനുകൂലമായി വരുന്ന പോസ്റ്റുകളെയും സത്യസന്ധമായി വരുന്ന വാര്‍ത്തകളെയും പേടിക്കുന്നത് എന്തിനാണ് ?

ഇതേക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി എന്നു പറഞ്ഞാല്‍ പേടിച്ച് മാളത്തില്‍ ഒളിക്കുന്നവരാണ് കേരളത്തിലെ പ്രതികരണ ശേഷിയുള്ള വിഭാഗങ്ങള്‍ എന്നു കരുതിയോ ?

ഇവിടെ ദിലീപിനെതിരെ എന്ത് തെളിവാണ് പൊലീസ് ഹാജരാക്കിയത് ? അന്വേഷണ വിവരങ്ങള്‍ ‘മസാല’ ചേര്‍ത്ത് വാര്‍ത്താ ചാനലുകള്‍ക്ക് ചോര്‍ത്തിക്കൊടുത്ത് താരത്തിനും മീതെ ‘സൂപ്പര്‍ സ്റ്റാറുകളായ’ പൊലീസ് ഏമാന്‍മാര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് കണ്ട് മുട്ടിടിക്കുന്നുണ്ട് അല്ലേ ?

നിങ്ങള്‍ ചെയ്ത പ്രവര്‍ത്തി നൂറ് ശതമാനവും ശരിയാണെന്ന് ബോധ്യമുണ്ടെങ്കില്‍ അത് കോടതിയെ ബോധ്യപ്പെടുത്തി ദിലീപിന് പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുക്കൂ.

അതല്ലാതെ പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് വരുന്ന വാര്‍ത്തകള്‍ പി.ആര്‍ ഏജന്‍സി ഇടപെട്ടാണെന്ന് പറഞ്ഞ് വായനക്കാരില്‍ തെറ്റിധാരണ പരത്താന്‍ ശ്രമിച്ചാല്‍ അത് വിലപ്പോകില്ല.

കുറേ ദിവസങ്ങളായി ദിലീപിനെ വലിച്ച് കീറി ‘വിധി’ പറയുന്ന ചിലരുണ്ടല്ലോ നിങ്ങളുടെയൊക്കെ കണ്‍മുന്നില്‍ . . എന്തേ അവരെല്ലാം പണം വാങ്ങിയാണ് ഈ പ്രവര്‍ത്തി ചെയ്യുന്നതെന്ന് ” ആരോപിക്കാത്തത് ? അന്വേഷണം നടത്താത്തത് ?

ദിലീപ് നിരപരാധിയാണെന്ന് നാളെ തെളിഞ്ഞാല്‍ ഇപ്പോള്‍ ചെയ്ത പാപങ്ങളെല്ലാം എവിടെ കൊണ്ട് പോയാണ് കളയുക ?

ആക്രമിക്കപ്പെട്ട നടി തന്നെ പറയുന്നു ദിലീപുമായി തനിക്ക് യാതൊരു വസ്തു ഇടപാടും ഇല്ലെന്ന്. അപ്പോള്‍ കോടികളുടെ വസ്തു ഇടപാടുകള്‍ ഉണ്ടെന്ന് പറഞ്ഞ് വാര്‍ത്തകള്‍ വന്നത് ഏത് പി.ആര്‍ ഏജന്‍സി പറഞ്ഞിട്ടാണ് ? ഇങ്ങനെയാണെങ്കില്‍ അതും പരിശോധിക്കേണ്ടതല്ലേ ?

ദിലീപ് എറണാകുളം കുടുംബകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലും, മഞ്ജു വാര്യര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലും ഏതെങ്കിലും നടിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനാണ് വിവാഹമോചനമെന്ന് പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, അവിടെ പറഞ്ഞത് മറ്റ് ചില കാര്യങ്ങളാണ്.

ഇക്കാര്യം അടുത്തയിടെ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ ഫയല്‍ കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘത്തിന് പരിശോധിക്കാവുന്നതാണല്ലോ ?

നടി മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടി പോലും ഇക്കാര്യത്തില്‍ ഒരു വിശദീകരണം ഇതുവരെ നല്‍കാത്തതും പരിശോധിക്കപ്പെടേണ്ടത് തന്നെയല്ലേ?

ഇത്തരം സംശയങ്ങള്‍ പൊതു സമൂഹത്തില്‍ നിലനില്‍ക്കെ ആരൊക്കെ എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചാലും സത്യസന്ധമായ വാര്‍ത്തകള്‍ express kerala യും റിപ്പോര്‍ട്ട് ചെയ്തിരിക്കും.

കൊട്ടിഘോഷിച്ച ഈ സുപ്രധാന അറസ്റ്റ് നടക്കുമ്പോള്‍ അന്വേഷണ സംഘതലവനായ ഐജി ദിനേന്ദ്ര കശ്യപ് എന്തുകൊണ്ട് കൊച്ചിയിലേക്ക് വന്നില്ല എന്നതിന്റെ കാരണം കൂടി പുറത്ത് വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കപ്പെടും.

team express kerala

Top