നോട്ട് അസാധുവാക്കല്‍: തിരികെ വന്ന പണം പാവങ്ങളുടെ ക്ഷേമത്തിനുപയോഗിക്കും

ഡല്‍ഹി: അസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനം തിരികെ വന്നത് നല്ലതല്ലേയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

ബാങ്കുകളിലേയ്ക്ക് തിരികെ വന്ന പണം അവശ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം എസ്.സി, എസ്.ടി സംരംഭകരുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു.

’99 ശതമാനം നോട്ടുകളും തിരികെ വന്നതിനെ പലരും വിമര്‍ശിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കിടപ്പുമുറിയിലും കുളിമുറിയിലും മറ്റും കെട്ടുകളായി സൂക്ഷിച്ചിരുന്ന പണം ബാങ്കുകളിലെത്തിയത് നല്ലതേല്ല. ബാങ്കുകളിലെത്തിയ ഈ പണം ഇനി പാവപ്പെട്ടവരുടെ ഉന്നമനത്തിനായാണ് ചെലവഴിക്കാന്‍ പോകുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സര്‍ക്കാര്‍ ഇനി മുന്‍ഗണന നല്‍കുക.’ വെങ്കയ്യ നായിഡു പറഞ്ഞു.

‘സ്ത്രീകളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ശാക്തീകരണത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളും സംരംഭകത്വത്തിലേയ്ക്ക് വരികയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവണം. സംരംഭകരെ അഭിസംബോധന ചെയ്യാനും വ്യവസായങ്ങളെക്കുറിച്ച് സംസാരിക്കാനും രാഷ്ട്രീയ നേതാക്കള്‍ തയ്യാറാകുന്നില്ല’ അദ്ദേഹം പറഞ്ഞു.

ഇന്നത്തെ സമൂഹത്തില്‍ സമ്പന്നരാണ് നികുതി വെട്ടിപ്പുകള്‍ നടത്തുന്നതെന്നും എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വായ്പ നല്‍കിയാല്‍ തിരിച്ചടയ്ക്കില്ലെന്നും പാവപ്പെട്ടവര്‍ നികുതി നല്‍കില്ലെന്നും പൊതുവില്‍ തെറ്റിദ്ധാരണയുണ്ടെന്നും ഇത് ശരിയല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Top