വേങ്ങര ഉപതിരഞ്ഞെടുപ്പ്; മുന്നണി ബന്ധം പുന:സ്ഥാപിക്കാന്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും

league

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുന്നണി ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും.

ഇതിനായി മണ്ഡലത്തിലെ യുഡിഎഫ് നേതൃയോഗങ്ങള്‍ ആരംഭിച്ചു. സമവായ ചര്‍ച്ചകള്‍ക്കായി കെപിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ വെള്ളിയാഴ്ച വേങ്ങരയില്‍ എത്തും.

വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം, പറപ്പൂര്‍ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും ലീഗും വ്യത്യസ്ത മുന്നണികളിലാണ്, വേങ്ങര പഞ്ചായത്തിലും മുന്നണി ബന്ധമില്ല.

ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ മുന്നണി ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന വേങ്ങര മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുടെ യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയും ഡിസിസി പ്രസിഡണ്ട് വി വി പ്രകാശും പങ്കെടുത്തു.

കണ്ണമംഗലത്തും പറപ്പൂരിലും കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പോര് തീര്‍ക്കാന്‍ കെപിസിസി പ്രസിഡന്റിനെ തന്നെ രംഗത്തിറക്കാനാണ് തീരുമാനം.

ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുന്നണി ബന്ധം പുന:സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ചതാണ്.

എന്നാല്‍ വേങ്ങരയിലെ മൂന്ന് പഞ്ചായത്തുകളില്‍ ഈ ശ്രമങ്ങളൊന്നും വിജയിച്ചില്ല. കെപിഎ മജീദ്, കെഎന്‍എ ഖാദര്‍, പി കെ ഫിറോസ് എന്നിവരാണ് വേങ്ങരയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്.

Top