‘ഉള്ളുകൊണ്ട് ഇടതുപക്ഷത്ത്’, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് ചൊവ്വാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു കൂടിക്കാഴ്‌ച.

അടുത്തിടെയുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വെള്ളാപ്പള്ളി എൻ.ഡി.എ വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു കൂടിക്കാഴ്‌ച. എന്നാൽ ഈ അഭ്യൂഹങ്ങൾ നിഷേധിച്ച വെള്ളാപ്പള്ളി, എസ്.എൻ ട്രസ്‌റ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്കാണ് മുഖ്യമന്ത്രിയെ കാണാൻ വന്നതെന്ന് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. മുഖ്യമന്ത്രി രാഷ്ട്രീയം പറഞ്ഞാൽ തങ്ങളും പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ താൻ ഉള്ളുകൊണ്ട് ഇടതുപക്ഷത്താണെന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം വെള്ളാപ്പള്ളി പ്രതികരിച്ചു. പിണറായി വിജയൻ ഇഷ്‌ടമുള്ള നേതാവാണ്. അദ്ദേഹവുമായി തർക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ചർച്ച ചെയ്‌ത കാര്യങ്ങളെല്ലാം തുറന്ന് പറയാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിൽ എൻ.ഡി.എ ഘടകം ഉണ്ടോയെന്ന് ചോദിച്ച വെള്ളാപ്പള്ളി ബി.ജെ.പിക്കെതിരെയും രൂക്ഷവിമർശനം നടത്തി. കേരളത്തിൽ ഭരണം കിട്ടില്ലെന്ന് ബി.ജെ.പിക്ക് അറിയാം. അതുകൊണ്ട് ആരും കൂടെ വേണ്ടെന്നാണ് അവരുടെ നിലപാട്. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top