ഇന്ധനവിലയെ ന്യായീകരിച്ചുള്ള കണ്ണന്താനത്തിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് വീരപ്പമൊയ്‌ലി

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഇന്ധനവിലയെ ന്യായീകരിച്ചുള്ള പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം. വീരപ്പമൊയ്‌ലി.

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മനസിലും പ്രവൃത്തിയിലും കറതീര്‍ന്ന ജനാധിപത്യവാദിയാണെന്നും മൊയ്‌ലി അഭിപ്രായപ്പെട്ടു.

ഇന്ധനവില വര്‍ധനവ് വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന കണ്ണന്താനത്തിന്റെ പ്രസ്താവനയെയാണ് മൊയ്‌ലി വിമര്‍ശിച്ചത്.

വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരാണോ എന്നും പണക്കാരില്‍ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.

രാജ്യത്ത് 30 ശതമാനത്തോളം പേരും ഒരു നേരം ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവരാണ്. ഈ സ്ഥിതി മാറണം. വാഹനം ഉപയോഗിക്കുന്നവര്‍ ഇന്ധനവില നല്‍കിയേ പറ്റുകയുള്ളൂ. നികുതി ഭാരം കുറയ്ക്കാന്‍ പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ അംഗീകരിച്ചില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

Top