vardah cyclone-strict-information in chennai

ചെന്നൈ: ചെന്നൈതീരത്ത് ആഞ്ഞടിച്ച വര്‍ധ ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം പത്തായി.ചെന്നൈയിൽ എട്ട് പേരും, കാഞ്ചീപുരം, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു പേരുമാണ് മരിച്ചത്.

മണിക്കൂറില്‍ 120–150 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിക്കുന്നത്. കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് തീരപ്രദേശങ്ങളില്‍ നല്‍കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് കൊടുക്കാറ്റ് തീരത്തെത്തിയത്.

കനത്ത കാറ്റില്‍ റെയില്‍പാളങ്ങളും വൈദ്യുതിബന്ധവും പലയിടത്തും തകര്‍ന്നു. വന്‍ മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണതോടെ പലയിടത്തും റോഡ് ഗതാഗതവും താറുമാറായി. തകര്‍ന്ന റെയില്‍പാളങ്ങള്‍ ഗതാഗത യോഗ്യമാക്കാന്‍ ശ്രമം തുടരുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

കാറ്റ് തീരത്ത് വീശിത്തുടങ്ങിയതോടെ തീരപ്രദേശങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.

കൊടുങ്കാറ്റിന്റെ പ്രഭാവം ശക്തമായതോടെ ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. കനത്ത കാറ്റും മഴയും മൂലം ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. വര്‍ദാ കൊടുങ്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ചെന്നൈ തീരത്തേക്ക് പ്രവേശിച്ചതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്.

chennai1

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ശക്തമായ കാറ്റ് വീശിത്തുടങ്ങിയിരുന്നു. കൊടുങ്കാറ്റിന്റെ വരവറിയിച്ച് രാവിലെ മുതല്‍ തന്നെ തമിഴ്‌നാട് തീരങ്ങളില്‍ കനത്ത കാറ്റും മഴയും ശക്തമായിരുന്നു.

തമിഴ്‌നാട്ടിലും അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാനങ്ങളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി തയ്യാറായി നില്‍ക്കുന്നുണ്ട്.

അടിയന്തര സാഹചര്യത്തില്‍ സഹായത്തിനായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആന്ധ്രാപ്രദേശിലേയും തമിഴ്‌നാട്ടിലേയും കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ഇവയാണ്. ആന്ധ്രപ്രദേശ്: 08662488000, തമിഴ്‌നാട്: 04428593990

ബന്ധപ്പെടാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഇവയാണ്. 04425619206, 25619511,25384965 വാട്‌സ് ആപ്പ് നമ്പര്‍: 9445477207,9445477203,9445477206

‘വര്‍ധ’ വന്നത് പാകിസ്താനില്‍ നിന്ന്

ഇന്ത്യന്‍ മെട്രോളജിക്കല്‍ വിഭാഗത്തിന്റെ അഭിപ്രായ പ്രകാരം ഈ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് രൂപംകൊണ്ട ഇന്ത്യയിലെ നാലാമത്തെ പ്രധാന ചുഴലിക്കൊടുങ്കാറ്റാണ് വര്‍ധ. റോസാ പുഷ്പം എന്നര്‍ഥം വരുന്ന അറബി, ഉറുദു പദമായ വര്‍ധക്ക് ആ പേരു നല്‍കിയത് പാകിസ്താനാണ്.

2004ല്‍ കൊടുങ്കാറ്റിന് പേര് നല്‍കാന്‍ രൂപം നല്‍കിയ അന്താരാഷ്ട്ര പാനലിന്റെ തീരുമാനം അനുസരിച്ച് ബംഗാള്‍ ഉള്‍ക്കടലിനും അറേബ്യന്‍ കടലിന്റെയും പരിധിയിലുള്ള രാജ്യങ്ങളാണ് ഉഷ്ണമേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുന്നത്. ഇന്ത്യയും പാകിസ്താനുമുള്‍പ്പെടെ 64 രാജ്യങ്ങളാണ് ഈ ലിസ്റ്റിലുള്ളത്.

ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്നതിനും ഓര്‍മയില്‍ വരുന്നതിനും അതുവഴി ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതിന് വേണ്ടിയിട്ടാണ് വ്യത്യസ്ത പ്രദേശങ്ങളിലെ പേരുകള്‍ നല്‍കിയിരിക്കുന്നത്.

Top