വിവാദ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കുന്നു ? അണിയറയിൽ നടക്കുന്നത് ‘ഹിഡൻ അജണ്ട’

കൊച്ചി: കോളിളക്കം സൃഷ്ടിച്ച വരാപ്പുഴ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വ ശ്രമം.

തിരിച്ചറിയല്‍ പരേഡിന് മുന്‍പ് ശ്രീജിത്തിനെ വീട്ടില്‍ നിന്നും പിടിച്ചു കൊണ്ടുപോയ റൂറല്‍ എസ്.പിയുടെ ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പൊലീസുകാര്‍ക്ക് സ്വന്തം മുഖം വെളിപ്പെടുത്തി വീഡിയോ പുറത്ത് വിടാന്‍ അന്വേഷണ സംഘം അവസരമൊരുക്കിയതായാണ് ആരോപണം.

ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതാണ് എന്ന് നേരത്തെ തന്നെ ബോധ്യമായതിനാല്‍ അപ്പോള്‍ തന്നെ പ്രതിചേര്‍ക്കാതിരുന്നതാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയത്.

ഇപ്പോള്‍ ഈ മൂന്ന് പൊലീസുകാരെയും അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്ന, ശ്രീജിത്ത് മരിക്കുന്നതിനു മുന്‍പ് ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയും വീട്ടുകാരുടെ മൊഴിയുമെല്ലാം നേരത്തെ തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളതാണ്.

പിന്നെ എന്തിന് അറസ്റ്റ് വൈകിച്ചു എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.ഇനി തിരിച്ചറിയല്‍ പരേഡിന് പ്രസക്തി ഇല്ലന്ന് നിയമവിദഗ്ദരും ചൂണ്ടിക്കാട്ടുന്നു.

പൊലീസുകാരെ അറസ്റ്റ് ചെയ്തതിനു ശേഷം ഐ.ജി. ശ്രീജിത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് തിരിച്ചറിയല്‍ പരേഡ് ആവശ്യമുള്ളതുകൊണ്ട് പ്രതികളുടെ മുഖം കാണിക്കില്ലെന്നാണ്.

തൊട്ടടുത്ത ദിവസം തന്നെ തങ്ങള്‍ നിരപരാധികളാണ് എന്ന് പറഞ്ഞ് കൊണ്ടുള്ള മൂന്ന് പൊലീസുകാരുടെയും വീഡിയോ പുറത്താവുകയും ചെയ്തു.

സാധാരണ ഗതിയില്‍ ഇത്തരം സെന്‍സിറ്റീവ് കേസുകളില്‍ ഒരു അന്വേഷണ സംഘം പുലര്‍ത്തേണ്ട ജാഗ്രത പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാതിരുന്നതാണ് ഇതിന് കാരണം.

എസ്.പി എ.വി. ജോര്‍ജ്ജിനെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ ‘ആനുകൂല്യം’ മൂന്ന് പോലീസുകാര്‍ക്കും നല്‍കിയതെന്നും ആക്ഷേപമുണ്ട്.

എ.ആര്‍ ക്യാംപിലെ ഈ പൊലീസുകാരെ ആളുകളെ പിടികൂടാന്‍ പറഞ്ഞയച്ചത് തന്നെ ഗുരുതരമായ വീഴ്ചയാണ്.

2010ല്‍ അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് പറത്തിറക്കിയ ഉത്തരവില്‍ ഇത്തരം സക്വാഡുകള്‍ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആ ഉത്തരവ് ലംഘിച്ചാണ് ഇപ്പോള്‍ ഇത്തരം സക്വാഡുകള്‍ ഭീതി ഉണര്‍ത്തുന്നത്.

ലോക്കല്‍ പൊലീസിനെ മറികടന്നുള്ള സമാന്തരസംവിധാനം എസ്.പി ഉണ്ടാക്കിയത് എന്തിന് വേണ്ടിയെന്ന ചോദ്യത്തിനും പൊലീസ് ഉന്നതര്‍ക്ക് മറുപടിയില്ല.

ഗൃഹനാഥന്റെ മരണം അന്വേഷിക്കുന്ന സി.ഐ മാത്രമല്ല, അദ്ദേഹത്തിന്റെ സംഘത്തില്‍പ്പെട്ടവരും ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഉണ്ടായിരുന്നില്ല.

ഇനി സി.ഐ അറിഞ്ഞിട്ടാണ് ഇവര്‍ ‘ഓപ്പറേഷന് ‘പോയതെങ്കില്‍ തന്നെ സക്വാഡിനെ പറഞ്ഞയച്ച എസ്.പിക്കാണ് ഇക്കാര്യത്തില്‍ പ്രധാന ഉത്തരവാദിത്വം.

വരാപ്പുഴ പൊലീസ് സ്റ്റേഷനിലും പറവൂര്‍ സി.ഐ ഓഫീസിലും ആവശ്യത്തിന് പൊലീസുകാര്‍ ഉണ്ടായിട്ടും വീട്ടില്‍ കിടന്നുറങ്ങുന്നവനെ പിടികൂടാന്‍ എന്തിനാണ് എസ്.പിയുടെ സക്വാഡ് എന്നതും പ്രസക്തമായ ചോദ്യമാണ്.

ഇങ്ങനെ എസ്.പി സക്വാഡുണ്ടാക്കി പിടിച്ച് കൊണ്ടുവരുന്നവര്‍ക്ക് എന്ത് സംഭവിച്ചാലും പഴി മറ്റുള്ളവര്‍ കൂടി അനുഭവിക്കേണ്ടി വരുന്നത് കഷ്ടമാണെന്നാണ് പൊലീസുകാരും അഭിപ്രായപ്പെടുന്നത്.

തെളിവുകള്‍ നശിപ്പിക്കാനും മൊഴികളെ സ്വാധീനിക്കാനും റൂറല്‍ എസ്.പി സ്ഥാനത്ത് എ.വി ജോര്‍ജ് ഇരിക്കുന്നിടത്തോളം സാധിക്കുമെന്നറിഞ്ഞിട്ടും അന്വേഷണ സംഘം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

എസ്.ഐ, സി.ഐ എന്നിവരെ സസ്‌പെന്റ് ചെയ്തത് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയാണ്.

ജോര്‍ജിനെ സസ്‌പെന്റ് ചെയ്യണമെന്നല്ല , റൂറല്‍ എസ്.പി സ്ഥാനത്ത് നിന്നും സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെടാന്‍ പോലും അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല.

ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് ഇപ്പോള്‍ തിരിച്ചറിയല്‍ പരേഡിനു മുന്‍പ് പൊലീസുകാരുടെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം സംഭവത്തില്‍ ശക്തമായ നിലപാടുമായി ശ്രീജിത്തിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. എസ്‌ഐ ഉള്‍പ്പെടെ അറസ്റ്റിലായ നാലു പേരെ കൂടാതെ പറവൂര്‍ സിഐയും റൂറല്‍ എസ് പി എ വി ജോര്‍ജും കൊലപാതകത്തില്‍ ഉത്തരവാദികളാണെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള ആരോപിച്ചു.

റിപ്പോർട്ട്: എം വിനോദ്

Top