കേരള പോലീസ് തന്നെ രാജ്യത്ത് നമ്പര്‍ വണ്‍. . കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം !

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച 10 പോലീസ് സ്റ്റേഷനുകളില്‍ കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പോലീസ് സ്റ്റേഷനും ഇടം പിടിച്ചു. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് വളപട്ടണം. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് മികച്ച സ്റ്റേഷനുകളുടെ പട്ടിക പുറത്തുവിട്ടത്. ഈ അംഗീകാരം നേടിയ കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷനാണ് വളപട്ടണം.

കുറ്റാന്വേഷണമികവ്, ക്രമസമാധാനപരിപാലനരംഗത്തെ ജാഗ്രത, കേസുകള്‍ കൈകാര്യം ചെയ്ത രീതി, ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം, ശുചിത്വം തുടങ്ങി മുപ്പതോളം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മികച്ച പോലീസ് സ്റ്റേഷനുകള്‍ തെരഞ്ഞെടുത്തത്.
കഴിഞ്ഞ ആറുമാസമായി വളപട്ടണത്തെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസംഘം നിരീക്ഷിക്കുന്നുണ്ട്. സ്റ്റേഷന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രസംഘം വളപട്ടണത്ത് എത്തിയിരുന്നു. വീടുകളിലെത്തി ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാണ് കേന്ദ്രസംഘം പോലീസ് സ്റ്റേഷന് മാര്‍ക്കിട്ടത്.

മികച്ച നേട്ടം കൊയ്ത കേരളാ പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. കേരളത്തിലെ പൊലീസ് സേനക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ് വളപട്ടണത്തിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top