ജനകീയ ഹര്‍ത്താലിന് പിന്നില്‍ തീവ്രവാദികളാണെന്ന് വൈക്കം വിശ്വന്‍

vaikom

തിരുവനന്തപുരം: കത്വയിലെ പെണ്‍കുട്ടിക്ക് നീതി തേടി ജനകീയ മുന്നണിയുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഹര്‍ത്താലിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ഹര്‍ത്താലിന് പിന്നില്‍ തീവ്രവാദികളാണെന്ന് വൈക്കം വിശ്വന്‍ ആരോപിച്ചു.

ഹര്‍ത്താലിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നു പ്രചരിപ്പിച്ച് ആള്‍ക്കാരെ കൂട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ കുടുങ്ങരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

ഹര്‍ത്താലിന്റെ മറവില്‍ ചില സങ്കുചിത താത്പര്യക്കാര്‍ സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുകയാണെന്നും, ചില തീവ്രവാദ സംഘടനകള്‍ ഇതിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവു സൃഷ്ടിക്കാനാണു ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

കത്വ സംഭവത്തില്‍ മതനിരപേക്ഷ, ജനാധിപത്യ മനസുകളെല്ലാം ജാതി, മത ഭേദമന്യേ പെണ്‍കുട്ടിയുടെ കൂടെയാണ്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സിപിഎം നേതൃത്വത്തില്‍ സമാധാനപരമായ രീതിയില്‍ നിരവധി പ്രതിഷേധ പരിപാടികള്‍ രാജ്യമാകെ സംഘടിപ്പിക്കുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.



Related posts

Back to top