ഉത്തർപ്രദേശിൽ ബി ജെ പി മുന്‍ എംഎല്‍എയുടെ മകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ലഖ്നൗ : ഉത്തര്‍ പ്രദേശില്‍ മുന്‍ ബിജെപി എംഎല്‍എയുടെ മകന്‍ വെടിയേറ്റു മരിച്ചു.

ടുമൊരെയാഗഞ്ച് മണ്ഡലത്തിലെ മുന്‍ എം എല്‍ എ പ്രേം പ്രകാശ് തിവാരിയുടെ മകന്‍ വൈഭവ് തിവാരി(36)യാണ് കൊല്ലപ്പെട്ടത്.

ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിന് മുന്നൂറു മീറ്റര്‍ അകലെ വച്ച് ശനിയാഴ്ചയായിരുന്നു വൈഭവിന് വെടിയേറ്റത്.

വൈഭവിനെ പരിചയക്കാരില്‍ ചിലര്‍ ചേര്‍ന്ന് വിളിച്ചിറക്കുകയായിരുന്നെന്നും, തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ വൈഭവിന് വെടിയേല്‍ക്കുകയായിരുന്നുവെന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അഭയ് പ്രസാദ് പറഞ്ഞു.

ഐ ഐ എം അഹമ്മദാബാദില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈഭവ് റിയല്‍ എസ്റ്റേറ്റ് മേഖലയിൽ സജീവമായിരുന്നു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

1989, 1991, 1993 വര്‍ഷങ്ങളില്‍ ടുമൊരെയാഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിച്ച പ്രേം പ്രകാശ് തിവാരി 2014 ല്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എന്നാല്‍ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ബി ജെ പിക്കു വേണ്ടിയാണ് പ്രേം പ്രകാശ് പ്രചരണത്തിന് ഇറങ്ങിയത്.

Top