മഴക്കെടുതി; ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ സഹായം കൂട്ടണമെന്ന് വി എസ് സുനില്‍ കുമാര്‍

കൊച്ചി: കേരളത്തില്‍ മഴക്കെടുതിക്കായുള്ള ദുരിതാശ്വാസ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ കൂട്ടണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍.

മാനദണ്ഡങ്ങള്‍ മറികടന്നുള്ള സഹായം വേണമെന്നും, ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുകയില്‍ നിന്ന് ഉയര്‍ത്തണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

നേരത്തെ, മഴക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കുന്ന ദുരിതാശ്വാസ ഫണ്ട് അപര്യാപ്തമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും പറഞ്ഞിരുന്നു. കേന്ദ്രസഹായ തുകയും മാനദണ്ഡങ്ങളും പരിഷ്‌കരിക്കണമെന്നും ഇക്കാര്യത്തില്‍ കാലാനുസൃതമായ മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു.

വീടു തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമ്പോള്‍ 95,000 രൂപ മാത്രമാണ് കേന്ദ്ര സഹായമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കടല്‍ക്ഷോഭത്തെ പ്രകൃതി ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ കാണുന്നില്ലെന്നും ഈ നിലപാട് ശരിയല്ലെന്നും മന്ത്രി ആരോപിച്ചു. കടല്‍ക്ഷോഭത്തിലുണ്ടായ നാശനഷ്ടങ്ങളെ പ്രകൃതി ദുരന്തമായി കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ഇതിന് ചട്ടങ്ങളില്‍ മാറ്റം വേണമെന്നും മന്ത്രി വ്യക്തമാക്കി.

Top