ഇതാണ് ജനനായകന്‍ . . പ്രകോപിതരായ ജനത പോലും ശാന്തരായി വി.എസിന് മുന്നില്‍

തിരുവനന്തപുരം: രാഷ്ട്രീയ-മത-ജാതി ഭേദമന്യേ ജനങ്ങളുടെ മനസ്സില്‍ കുടികൊള്ളുന്നവരാണ് യഥാര്‍ത്ഥ ജനനായകര്‍ . .

ഏത് പ്രതിസന്ധിയിലും രോക്ഷാകുലരായ ജനങ്ങളെ ശാന്തരാക്കാന്‍ അത്തരം ജനനേതാക്കള്‍ക്ക് കഴിയും.

കേരളത്തില്‍ അത്തരത്തില്‍ പൊതു സ്വീകാര്യതയോടെ ജീവിച്ചിരിക്കുന്ന ഏക രാഷ്ട്രീയ നേതാവാണ് വി.എസ്.അച്ചുതാനന്ദന്‍.

മൂന്നാറില്‍ ആയിരക്കണക്കിന് പൊമ്പിളൈ ഒരുമൈ സമരക്കാര്‍ സ്ഥലം എം.എല്‍.എ അടക്കം രാഷ്ട്രീയക്കാരെ ഓടിച്ചിട്ട് വൈകാരികമായി നടത്തിയ റോഡ് തടയല്‍ സമരത്തിനിടയിലൂടെ നടന്നു ചെന്നത് വി.എസ്.അച്ചുതാനന്ദനായിരുന്നു.

രാഷ്ട്രീയക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സമരമുഖത്ത് കസേരയിട്ട് വി.എസിനെ കേള്‍ക്കാന്‍ ആ സ്ത്രീ തൊഴിലാളികള്‍ തയ്യാറായത് കേരളത്തിന് പുതുമയുള്ള ഒരു കാഴ്ചയായിരുന്നു.

94-ാം വയസ്സിലും കര്‍മ്മനിരതനായ ആ വിപ്ലവകാരിയായ കമ്യൂണിസ്റ്റിന് മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധത്തിന്റെ തിരമാല ഉയര്‍ത്തിയ വിഴിഞ്ഞം, പൂന്തുറ നിവാസികള്‍ ഇപ്പോള്‍ നല്‍കിയ പരിഗണനയും കേരളം ചര്‍ച്ച ചെയ്യുകയാണ്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ രോഷം പൂണ്ട ജനത വി.എസിനു മുന്നില്‍ നിശബ്ദരായി. അദ്ദേഹത്തിന് പറയാനുള്ളത് സംയമനത്തോടെ കേട്ട് സുഗമമായി മടങ്ങാന്‍ വഴിയും ഒരുക്കി.

മത്സ്യത്തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്ന് വിഎസ് പറഞ്ഞു.

പരിഹാരമുണ്ടാക്കാന്‍ എന്തെല്ലാം കഴിയുമോ അതെല്ലാം ചെയ്യാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ ഏറെ ദുഃഖിതരാണെന്ന് മനസ്സിലാക്കിയതു കൊണ്ടാണ് ഞാന്‍ ഇവിടേക്ക് വന്നത്. കാണാതായവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. അത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കും’ വിഎസ് പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

മറ്റു നേതാക്കള്‍ കനത്ത പൊലീസ് സംരക്ഷണയിലാണ് തീരദേശത്ത് സന്ദര്‍ശനം നടത്തിയതെങ്കില്‍ വി.എസിന് അതിന്റെ ആവശ്യമില്ലന്ന് വ്യക്തമാക്കുന്നതായിരുന്നു പുറത്തു വന്ന ദൃശ്യങ്ങള്‍.

കഴിഞ്ഞ ദിവസത്തെ സംഘര്‍ഷ പശ്ചാത്തലത്തില്‍ പ്രദേശത്ത് പൊലീസ് സംവിധാനമുണ്ടായിരുന്നെങ്കിലും വി.എസിന് നേരെ ഒരു പ്രതിഷേധ സ്വരം പോലും ഉയര്‍ന്നില്ല.

അതേസമയം ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീത രാമനോടൊപ്പം പൂന്തുറയിലെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സി കുട്ടിയമ്മക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു.

മത്സ്യത്തൊഴിലാളികളെ പിന്നീട് ശാന്തരാക്കിയത് പ്രതിരോധ മന്ത്രിയുടെ പ്രസംഗമായിരുന്നു.

Top