ശശികല ചെന്നൈയില്‍, പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചത് തണുപ്പന്‍ സ്വീകരണം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികലക്ക് ഒമ്പതുമാസത്തെ ജയില്‍ വാസത്തിനു ശേഷം പരോളിലിറങ്ങിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചത് തണുപ്പന്‍ സ്വീകരണം.

ചെന്നൈയിലെത്തിയ ശശികലയെ കാണാനും സ്വീകരിക്കാനും വളരെ കുറച്ച് പ്രവര്‍ത്തകരാണ് എത്തിയത്. ജയലളിത പ്രതിനിധീകരിച്ച ആര്‍.കെ നഗറില്‍ നിന്നും വനിതാ പ്രവര്‍ത്തകരും ശശികലയെ കാണാന്‍ എത്തിയിരുന്നു.

അഞ്ചുദിവസത്തെ പരോളിലിറങ്ങിയ ശശികല ബുധനാഴ്ച വരെ ഭര്‍ത്താവ് നടരാജന്റെ സഹോദരിയുടെ വീട്ടിലാണ് തങ്ങുക.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഫെബ്രുവരിയിലാണ് എ.ഐ.എ.ഡി.എം.കെ അധ്യക്ഷയായ ശശികല ജയിലായത്. കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ചെന്നൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാനാണ് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ പരോള്‍ അനുവദിച്ചത്.

പൊതു പരിപാടികളില്‍ പങ്കെടുക്കരുതെന്നും മാധ്യമങ്ങളുമായി സംസാരിക്കരുതെന്നും സന്ദര്‍ശകരെ അനുവദിക്കരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് പരോള്‍.

Top