സിറിയയ്ക്കുമേല്‍ യുഎസ്-യുകെ-ഫ്രാന്‍സ് സംയുക്ത വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് റഷ്യ

us

വാഷിങ്ടണ്‍: സിറിയക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും സംയുക്ത വ്യോമാക്രമണം നടത്തി. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം നടത്തിയത്. യു.എസ്, യു.കെ, ഫ്രാന്‍സ് സംയുക്ത സേനയാണ് ആക്രമണം നടത്തിയത്.ആക്രമണം നടത്തിയ വിവരം യുഎസ് പ്രസിഡന്റ് ട്രംപ് അടക്കം മൂന്ന് രാഷ്ട്രത്തലവന്മാരും സ്ഥിരീകരിച്ചു. സിറിയയിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദമാസ്‌കസിനു സമീപം ഡൗമയില്‍ കഴിഞ്ഞയാഴ്ച സിറിയ നടത്തിയ രാസാക്രമണത്തിനുള്ള പ്രതികരണമായാണ് ആക്രമണമെന്ന് ട്രംപ് അറിയിച്ചു. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ യുഎസിന്റെ ആക്രണം ഫലപ്രദമായി ചെറുത്തെന്നു സിറിയ വ്യക്തമാക്കി.

ദമാസ്‌ക്കസിലെ സിറിയന്‍ സയന്റിഫിക് റിസര്‍ച്ച് കേന്ദ്രം ആക്രമിക്കപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ സിറിയിന്‍ ഒബ്സര്‍ വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. ആക്രമണം തുടരാന്‍ ഉദ്ദേശമില്ലെന്നും ശക്തമായ സന്ദേശം നല്‍കുകയാണ് ലക്ഷ്യമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വ്യക്തമാക്കി.

അതേസമയം, വിമതര്‍ക്കെതിരെ സിറിയയ്ക്കു സൈനിക പിന്തുണ നല്‍കുന്ന റഷ്യയും യുഎസിനെ വിമര്‍ശിച്ചു രംഗത്തെത്തി. യുഎസിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി ആന്റനോവ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘എല്ലാവരും ഭയപ്പെട്ട കാര്യമാണു സംഭവിച്ചിരിക്കുന്നത്. ഞങ്ങളുടെ മുന്നറിയിപ്പെല്ലാം അവര്‍ തള്ളി. നേരത്തേ തയാറാക്കിയെടുത്ത ഒരു ‘പദ്ധതി’യാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നതെന്നും ഇത്തരം നടപടികള്‍ക്കെല്ലാം കൃത്യമായ തിരിച്ചടിയുണ്ടാകുമെന്നും അനറ്റോലി പറഞ്ഞു.

ഇതിന്റെയെല്ലാം ഉത്തരവാദിത്തം യുഎസിനും യുകെയ്ക്കും ഫ്രാന്‍സിനുമായിരിക്കുമെന്നും. റഷ്യന്‍ പ്രസിഡന്റിനെ അപമാനിക്കുന്നതു വച്ചുപൊറുപ്പിക്കാനാകില്ലെന്നും ലോകത്ത് ഏറ്റവുമധികം രാസായുധം ശേഖരിച്ചു വച്ചിരിക്കുന്ന യുഎസിന് റഷ്യയെ വിമര്‍ശിക്കാന്‍ യാതൊരു അധികാരവുമില്ലെന്നും അംബാസഡര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഘൗട്ടയിലെ ദൂമയില്‍ ശനിയാഴ്ച നടന്ന രാസായുധാക്രമണത്തില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. സിറിയന്‍ സൈന്യം വിമതര്‍ക്കു നേരേ നേരത്തേയും രാസായുധം പ്രയോഗിച്ചതായി ആരോപണമുണ്ട്. 2013 ഓഗസ്റ്റില്‍ കിഴക്കന്‍ ഘൗട്ടയില്‍ നടന്ന വിഷവാതകപ്രയോഗത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അന്വേഷിച്ച യു.എന്‍.മിഷന്‍ വിഷവാതകമായ സരിന്‍ പ്രയോഗിച്ചതായി സ്ഥിരീകരിച്ചിരുന്നെങ്കിലും ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമാക്കിയില്ല. 2017 ഏപ്രിലില്‍ ഖാന്‍ ശൈഖുനിലുണ്ടായ വിഷവാതക പ്രയോഗത്തില്‍ 80 പേര്‍ മരിച്ചിരുന്നു.

ഈ സംഭവത്തില്‍ യു.എന്നും രാസായുധ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഒ.പി.സി.ഡബ്ല്യുവും സിറിയന്‍ സര്‍ക്കാരിനെതിരേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉത്തരകൊറിയയാണ് സിറിയയ്ക്ക് രാസായുധം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

Top