അമേരിക്കയിലെ പി.എല്‍.ഒ ഓഫീസ് പൂട്ടുന്നു ; ട്രംപ് ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തം

വാഷിംഗ്‌ടൺ : പലസ്‌തീൻ ലിബറേഷന്‍ ഓര്‍ഗനേഷന്‍ ഓഫീസിന്റെ പ്രവർത്തനം നിർത്തി ഓഫീസ് പൂട്ടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

എന്നാൽ ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നടപടികളുണ്ടായാല്‍ അമേരിക്കയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും അവസാനിപ്പിക്കുമെന്ന് പലസ്‌തീൻ മുന്നറിയിപ്പ് നല്‍കി.

അമേരിക്കയുടെ പുതിയ നീക്കം ഇസ്രായേലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് എന്ന് പലസ്‌തീൻ ആരോപിച്ചു.

വാഷിംഗ്‌ടൺ ഡിസിയിലുള്ള പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനേഷന്‍ ഓഫീസിന്റെ അനുമതി പുതുക്കി നൽകേണ്ടയെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടിന്റെ തീരുമാനം. ഈ മാസം പി.എല്‍.ഒക്ക് അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രവര്‍ത്തനാനുമതി അവസാനിക്കാന്‍ ഇരിക്കേയാണ് തീരുമാനം.

പുതിയ നീക്കം നടപ്പാക്കിയാൽ അമേരിക്കയും ട്രംപ് ഭരണകൂടവുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുമെന്ന് പലസ്തീന്‍ യുഎസ് സര്‍ക്കാറിനെ രേഖാമൂലം അറിയിച്ചു.

ബെന്യാമിന്‍ നെതന്യാഹു സര്‍ക്കാറിന്റെ സമ്മര്‍ദ്ദമാണ് അമേരിക്കന്‍ നീക്കത്തിന് പിന്നിലെന്നും പലസ്തീന്‍ നെഗോഷിയേറ്റര്‍ സാഈബ് എറാക്കാത്ത് കുറ്റപ്പെടുത്തി.

ഓഫീസ് സ്ഥിരമായി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.

ഇസ്രായേലുമായി അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചകളിലാണോ പലസ്തീന്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പരിശോധിച്ച് വരികയാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഭാഗമാകാനും ഇസ്രായേൽ നടത്തുന്ന യുദ്ധത്തെ കുറിച്ചുളള അന്വേഷണത്തിനായി ഫയലുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനുമുള്ള പലസ്തീന്‍ സര്‍ക്കാറിന്റെ തീരുമാനമാണ് അമേരിക്ക പുതിയ നടപടി സ്വീകരിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

Top