US drone attack on Pakistan soil violation of sovereignty; Nawas Sheriff

ഇസ്ലാമാബാദ്:യു.എസിന്റെ ഡ്രോണ്‍ ആക്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് . ഇത് പാകിസ്ഥാന്റെ പരമാധികാരത്തിന്‍ മേലുള്ള കടന്ന് കയറ്റമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. ഇതിന് മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇനിയും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായാല്‍ ശക്തമായി പ്രതികരിക്കുമെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസം മുമ്പ് പാകിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് മറ്റൊരു പ്രവര്‍ത്തകനോടൊപ്പം സഞ്ചരിക്കവെയാണ് മുല്ല അക്തര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തിന് മുമ്പ് പാകിസ്ഥാന്‍, അഫ്ഗാന്‍ അധികൃതരെ വിവരം അറിയിച്ചതായി വൈറ്റ് ഹൗസ് വക്ത്താവ് പറഞ്ഞിരുന്നു. ഇത് പിന്നീട് പാകിസ്ഥാന്‍ നിഷേധിക്കുകയും ചെയ്തു. അതേ സമയം മുല്ല അക്തര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത താലിബാന്‍ നിഷേധിച്ചു.

സംഭവം വ്യാജമാണെന്നും ഇതിന് മുമ്പും തങ്ങളുടെ നേതാക്കള്‍ കൊല്ലപ്പെട്ടതായി വ്യാജ പ്രചരണം നടത്തിയതായി താലിബാന്‍ അധികൃതര്‍ പറഞ്ഞു. ഡിസംബറില്‍ മുല്ല അക്തര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ അറിയിച്ചിരുന്നു. പിന്നീട് മുല്ല അക്തറിന്റെ പ്രതികരണം ശബ്ദ രേഖയായി പുറത്ത് വിട്ടാണ് താലബാന്‍ ഇതിനോട് പ്രതികരിച്ചത്.

Top