അന്താരാഷ്ട്രവിമാനങ്ങളിലെ ലാപ്‌ടോപ്പ് നിരോധനം അമേരിക്കയുടെ പരിഗണനയിൽ

വാഷിങ്ടണ്‍: അന്താരാഷ്ട്രവിമാനങ്ങളില്‍ ലാപ്‌ടോപ്പ് കംപ്യൂട്ടറുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്ക.

അമേരിക്കയിലേക്ക് വരുന്നതും അവിടെനിന്ന് പോകുന്നതുമായ എല്ലാ അന്താരാഷ്ട്രവിമാനങ്ങളിലും ലാപ്‌ടോപ്പ് കംപ്യൂട്ടറുകള്‍ നിരോധിച്ചേക്കും. ഇക്കാര്യം പരിഗണിച്ചുവരികയാണെന്ന് യു.എസ്. ആഭ്യന്തരസുരക്ഷാ സെക്രട്ടറി ജോണ്‍ കെല്ലി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വ്യോമഗതാഗതം ഒട്ടേറെ ഭീഷണിനേരിടുന്നുണ്ട്. പറക്കുന്ന വിമാനം തകര്‍ത്തു താഴെയിടുക എന്ന ആശയത്തോട് അഭിനിവേശമുള്ളവരാണ് ഭീകരരെന്നും ഇവരുടെ ലക്ഷ്യം അമേരിക്കന്‍ വിമാനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ലാപ്‌ടോപ്പ് നിരോധനം വ്യോമഗതാഗതത്തെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. വേനല്‍ക്കാലമായതിനാല്‍ അമേരിക്കയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ 3,250 വിമാനസര്‍വീസുകള്‍ നടക്കുമെന്നാണ് കരുതുന്നത്. നിരോധനം ഈ സര്‍വീസുകള്‍ താറുമാറാക്കും.

പശ്ചിമേഷ്യയിലെയും ഉത്തര ആഫ്രിക്കയിലെയും പത്തുവിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശംവെയ്ക്കുന്നത് മാര്‍ച്ച് 21-ന് അമേരിക്ക നിരോധിച്ചിരുന്നു. തുര്‍ക്കി, ജോര്‍ദാന്‍, ഈജിപ്ത്, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, യു.എ.ഇ., മൊറോക്കോ എന്നിവയാണ് ഈ രാജ്യങ്ങള്‍.

കൂടാതെ തുര്‍ക്കി, ലെബനന്‍, ജോര്‍ദാന്‍, ഈജിപ്ത്, ടുണീഷ്യ, സൗദി അറേബ്യ എന്നീരാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് സമാനരീതിയിലുള്ള വിലക്ക് ബ്രിട്ടനും ഏര്‍പ്പെടുത്തി.

Top