up pm modi toilet project nagepur

ലക്‌നൗ: പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ ദത്തെടുത്ത ഗ്രാമത്തിലെ ശുചിമുറി നിര്‍മാണത്തില്‍ വന്‍ അപാകത. ഗുജറാത്തിലെ കരാറുകാരന്‍ സ്ഥാപിച്ച ഫൈബര്‍ ശുചിമുറികള്‍ ഉപയോഗിക്കും മുന്‍പുതന്നെ തകര്‍ന്നുതുടങ്ങി.

തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ ഈ വിഷയം ആയുധമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.

എം.പിമാരുടെ ആദര്‍ശ് ഗ്രാമ പദ്ധതിപ്രകാരം പ്രധാനമന്ത്രി മോദി ദത്തെടുത്ത വാരാണസിയിലെ രണ്ടാമത്തെ ഗ്രാമമാണ് നാഗേപൂര്‍.

കേന്ദ്രസര്‍ക്കാരിന്റെ ശുചിത്വഭാരതം പദ്ധതിയുടെ പ്രധാന ലക്ഷ്യം എല്ലാ വീട്ടിലും ശുചിമുറികളാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നാഗേപൂരില്‍ ഫൈബര്‍ ശുചിമുറികള്‍ നിര്‍മ്മിച്ചത്.

ചുട്ടുപൊള്ളുന്ന വെയിലില്‍ ഉപയോഗിക്കാന്‍ കഴിയാത്തതും എത്ര വൃത്തിയാക്കിയാലും ദുര്‍ഗന്ധം വമിക്കുന്നതുമാണ് ഫൈബര്‍ ശുചിമുറികളെന്ന് ജനങ്ങള്‍ പറയുന്നു.

അടിത്തറയ്ക്കു ബലംകുറവുള്ള ഇവ ശക്തമായ കാറ്റില്‍ മറിഞ്ഞുവീഴുകയും ചെയ്‌തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫൈബര്‍ ശുചിമുറികളേക്കാള്‍ നല്ലതു ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് ശുചിമുറികളാണെന്നും അവയ്ക്കു ചെലവു കുറവാണെന്നും അവര്‍ പറയുന്നു.

ദത്തെടുത്ത ശേഷം പ്രധാനമന്ത്രി ഗ്രാമത്തെ മറന്നുവെന്ന ദുഃഖവും ചിലര്‍ പങ്കുവച്ചു.

Top