ചുവപ്പ് കൊടുങ്കാറ്റ് യുപിയിലേക്കും; കര്‍ഷകരുടെ മഹാറാലി ഇന്ന് ലക്‌നൗവില്‍

CHUVAPPAN

ലക്‌നൗ: മഹാരാഷ്ട്രയുടെ തെരുവു വീഥികളെ പ്രകമ്പനം കൊള്ളിച്ച കര്‍ഷക പ്രക്ഷോഭം യോഗിയുടെ ഉത്തര്‍പ്രദേശിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനയായ കിസാന്‍ സഭ ഉത്തര്‍ പ്രദേശിലേക്ക് ഇന്ന് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ചലോ ലക്‌നൗ എന്ന പേരിലാണ് വമ്പന്‍ റാലി നടത്തുക. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് റാലി നടക്കുന്നത്.

ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, ഉപാധികളില്ലാതെ കടങ്ങള്‍ എഴുതിതള്ളുക, വൈദ്യുതി നിരക്ക് വര്‍ധനയും വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍കരണവും അവസാനിപ്പിക്കുക, കന്നുകാലികളെ വാങ്ങാനും വില്‍ക്കാനുമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കുക, 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുക, അഴിമതിയും വിലക്കയറ്റവും തടയുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക, ജനാധിപത്യാവകാശങ്ങള്‍ക്കെതിരായ കടന്നുകയറ്റം നിര്‍ത്തുക എന്നീ ആവശ്യങ്ങളാണ് ചലോ ലക്‌നൗ മാര്‍ച്ചിലൂടെ കര്‍ഷകര്‍ ഉന്നയിക്കുന്നത്.

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ലക്‌നൗവിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിവേദനം കൈമാറും. കര്‍ഷകപ്രക്ഷോഭം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ഉത്തര്‍പ്രദേശില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വന്‍ റാലി നടത്തുന്നത്. മഹാരാഷ്ട്രയില്‍ ആരംഭിച്ച കര്‍ഷക സമരം രാജ്യം മുഴുവന്‍ വ്യാപിക്കുമോ എന്ന ആശങ്കയിലാണ് കേന്ദ്രസര്‍ക്കാര്‍.

Top