പരാതിയുമായി എത്തിയ സഹോദരിമാര്‍ക്ക് നേരെ യുപി പൊലീസിന്റെ ലൈംഗീകാതിക്രമം

മെയിന്‍പുരി (യു.പി): ഉത്തര്‍പ്രദേശില്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയ സഹോദരിമാര്‍ക്ക് നേരെ പൊലീസിന്റെ പീഡനശ്രമം.

ഉത്തര്‍പ്രദേശ് കര്‍ഹാല്‍ ഗെയ്റ്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതി പറയാനെത്തിയ സഹോദരിമാരെ പൊലീസുകാര്‍ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

വീഡിയോയില്‍ ഈശ്വരി പ്രസാദ് എന്ന പൊലീസുകാരന്‍ സഹോദരിമാരില്‍ ഒരാളോട് മോശമായി പെരുമാറുന്നത് കാണാം. അതേസമയം ആശ്ചര്യപ്പെടുത്തുന്ന വിശദീകരണവുമായാണ് പൊലീസുകാര്‍ രംഗത്തെത്തിയത്. പെണ്‍ക്കുട്ടികള്‍ തങ്ങളെയാണ് അപമാനിച്ചതെന്നാണ് പൊലീസുകാരില്‍ ഒരാള്‍ പറയുന്നത്. താന്‍ കൈയില്‍ പിടിച്ചിട്ടേയുള്ളവുവെന്നും അക്രമിച്ചിട്ടില്ലെന്നും മറ്റൊരാള്‍ വ്യക്തമാക്കി.

ആരോപണ വിധേയരായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും സംഭവം അന്വേഷിക്കാന്‍ സിറ്റി സര്‍ക്കിള്‍ ഇന്‍സപക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എസ്.പി. എസ്.രാജേഷ് അറിയിച്ചു.

Top