Up Assembly election; Rahul gandhi-akhilesh Yadav alliance

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കുടുംബപോരില്‍ ആടിയുലയുന്ന സമാജ്‌വാദി പാര്‍ട്ടിയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്സ്.

മുഖ്യമന്ത്രി അഖിലേഷ് യാദവ് വിഭാഗവുമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദൂതന്‍ അഖിലേഷ് യാദവിന് വിവരം കൈമാറിയതായാണ് സൂചന.

ഉത്തര്‍പ്രദേശ് പിസിസി അദ്ധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷി ബിജെപിയിലേക്ക് ചേക്കേറിയതോടെ പ്രതിസന്ധിയിലായ കോണ്‍ഗ്രസ്സ് സംസ്ഥാന ഘടകം അഖിലേഷ് യാദവുമായി സഖ്യം വേണമെന്ന നിലപാടിലാണ്.

വ്യക്തിപരമായി രാഹുല്‍ ഗാന്ധിയുമായി വളരെ അടുത്ത ബന്ധമുള്ള അഖിലേഷ് യാദവിനും കോണ്‍ഗ്രസ്സുമായി സഹകരിക്കുന്നതില്‍ താല്‍പര്യമാണ്.

സമാജ്‌വാദിയില്‍ പൊട്ടിത്തെറി നടക്കുന്നതിന് മുന്‍പ് തന്നെ ഇത്തരമൊരു സാധ്യതയെക്കുറിച്ച് ഇരുവിഭാഗത്തിനും ആലോചനയുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ മുലായംസിങ്ങിനും അദ്ദേഹത്തിന്റെ സഹോദരനും സമാജ്‌വാദി പ്രസിഡന്റുമായ ശിവപാല്‍ യാദവിനുമൊപ്പമാണെങ്കില്‍ പുതിയ തലമുറയില്‍പ്പെട്ട ബഹുഭൂരിപക്ഷം പേരും എംഎല്‍എമാരില്‍ 90 ശതമാനവും അഖിലേഷ് യാദവിനൊപ്പം തന്നെയാണ് ഉറച്ച് നില്‍ക്കുന്നത്.

തലമുറകള്‍ തമ്മിലുള്ള ഏറ്റുമുട്ടലായാണ് ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയിലെ സംഭവ വികാസങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ശിവപാല്‍ യാദവടക്കം നാല് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നടപടിയാണ് ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യം ബിജെപിക്ക് നേട്ടമാകുമെന്ന് കണ്ടാണ് കോണ്‍ഗ്രസ്സ് മറുതന്ത്രം മെനയുന്നത്. ബിഎസ്പി അല്ലെങ്കില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി, ഇതില്‍ ഏതെങ്കിലും ഒരു ഓപ്ഷന്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് മുന്നിലുള്ളത്.

മായാവതിയുടെ ബിഎസ്പിയേക്കാള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് താല്‍പര്യം അഖിലേഷ് യാദവ് വിഭാഗത്തോടാണ്.

സമാജ്‌വാദി പാര്‍ട്ടി പിളര്‍ന്നാല്‍ അഖിലേഷ് യാദവ് വിഭാഗവുമായും അതല്ലെങ്കില്‍ ബിഎസ്പിയുമായും സഹകരിക്കുന്നതാണ് ഉചിതമെന്നാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെയും നിലപാട്.

യുപിയിലെ തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശപ്രകാരമാണ് അഖിലേഷ് യാദവിന് ‘കൈ’ കൊടുക്കാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെ സംബന്ധിച്ച് അതിനിര്‍ണ്ണായകമാണ്.

Top