കേന്ദ്രത്തിനെ മറികടന്ന് യു.എന്‍ സഹായം ? മുഖ്യമന്ത്രിക്ക് കത്തയച്ച് ഐക്യരാഷ്ട്രസഭ

UN

തിരുവനന്തപുരം: 2000 കോടി അടിയന്തര സഹായം ചോദിച്ചപ്പോള്‍ 500 കോടിയില്‍ ഒതുക്കിയ കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായി ഐക്യരാഷ്ട്ര സഭ !

കേരളം ആവശ്യപ്പെട്ടാല്‍ പ്രളയത്തില്‍ അകപെട്ടവരുടെ പുനരധിവാസത്തിന് സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭ റസിഡന്റ് കമ്മീഷണര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. 17 ന് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഈ വാഗ്ദാനം. കേരളം ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ആവശ്യമായ സഹായം നല്‍കുമെന്നാണ് യു.എന്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

flood2

അനുകൂലമായ നീക്കം കേരളത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാറിനും അതിനെ എതിര്‍ക്കാനാവില്ല. യുഎന്നില്‍ മാതൃകാപരമായ ഇടപെടല്‍ നടത്തുന്ന രാജ്യമാണ് ഇന്ത്യ. സങ്കേതികമായി വേണ്ട കേന്ദ്രത്തിന്റെ ‘പച്ചക്കൊടി’യും ഇക്കാര്യത്തില്‍ ഇനി കേന്ദ്രസര്‍ക്കാറിന് നല്‍കേണ്ടി വരും. സര്‍ക്കാര്‍ സമ്മതമറിയിച്ചാല്‍ യുഎന്‍ സംഘം ഉടന്‍ തന്നെ കേരളത്തില്‍ എത്തുമെന്നാണ് യുഎന്‍ കമ്മീഷണര്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച സന്ദേശത്തില്‍ നിന്നും മനസിലാകുന്നത്.

കേരളത്തിലെ പ്രളയക്കെടുതിയില്‍ ദു:ഖം രേഖപ്പെടുത്തുകയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗിറ്റെരസിന്റെ വക്താവ് നേരത്തെ അറിയിച്ചിരുന്നു. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും റസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ യൂറി അഫാന്‍സിയേവുമായി നിരന്തരം കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

flood

100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്നും സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നുമാണ്‌ അന്റോണിയോ ഗിറ്റെരസ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഈ നിലപാട് മാറ്റി ഇപ്പോള്‍ നേരിട്ട് ഇടപെടലുകള്‍ നടത്തിയിരിക്കുകയാണ് യുഎന്‍.

വിദേശത്തും രാജ്യത്തുമുള്ള ലക്ഷക്കണക്കിന് മലയാളികളുടെ ഇമെയില്‍ സന്ദേശങ്ങളാണ് അടിയന്തര നടപടിയ്ക്ക് യുഎന്‍ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

Top