ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം നേടി വിശാല ഇടതുസഖ്യം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിശാല ഇടതുസഖ്യത്തിനു മിന്നും ജയം.

എസ്എഫ്‌ഐ, ഐസ, ഡിഎസ്എഫ് സഖ്യം എല്ലാ ജനറല്‍ സീറ്റുകളിലും മികച്ച വിജയം നേടി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോ.സെക്രട്ടറി എന്നീ നാല് കേന്ദ്രസീറ്റുകളിലും ഇടത് സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എസ്.എഫ്.ഐ., ഐസ, ഡി.എസ്.എഫ്. എന്നീ സംഘടനകള്‍ ചേര്‍ന്നതാണ് ഇടതുസഖ്യം.

464 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഐസയുടെ ഗീതാകുമാരി ജെഎന്‍യു യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോള്‍ ചെയ്ത 4620 വോട്ടുകളില്‍ 1506 വോട്ടുകളാണ് ഗീതാകുമാരിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എബിവിപി സ്ഥാനാര്‍ഥി നിധി ത്രിപാഠിക്ക് 1042 വോട്ടാണ് ലഭിച്ചത്.

സിമന്‍ സോയ ഖാനാണ് വൈസ് പ്രസിഡന്റ്(ഭൂരിപക്ഷം-848 വോട്ട്) ജനറല്‍ സെക്രട്ടറിയായി ഇടതുസ്ഥാനാര്‍ഥി ദുഗ്ഗിരാല ശ്രീകൃഷ്ണനും(ഭൂരിപക്ഷം-1107 വോട്ട്) ജോയന്റ് സെക്രട്ടറി സ്ഥാനാര്‍ഥി സുഭാന്‍ഷു സിങ്ങും(ഭൂരിപക്ഷം-835 വോട്ട്) വിജയിച്ചു.

കൗണ്‍സിലര്‍ സീറ്റുകളിലും വന്‍ വിജയം നേടി വിവിധ പഠന വിഭാഗങ്ങളിലും ഇടതു സഖ്യം ആധിപത്യമുറപ്പിച്ചു. കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ഥി യൂണിയന്‍ ഇടതു സഖ്യം നേടിയിരുന്നു.

jnu

എ.ഐ.എസ്.എഫ്. ഇത്തവണ സഖ്യത്തില്‍ ചേരാതെ വേറെ മത്സരിച്ചു. എ.ഐ.എസ്.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഐ നേതാവ് ഡി രാജയുടെ മകള്‍ അപരാജിത ഡി രാജ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 416 വോട്ട് മാത്രമാണ് അവര്‍ക്ക് നേടാനായത്.

എബിവിപി അഭിമാനപ്രശ്‌നമായി കണ്ട് വന്‍ പ്രചാരണം നടത്തിയെങ്കിലും ഒരു ജനറല്‍ സീറ്റ് പോലും നേടാനായില്ല. ദളിത് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച കാര്യമായ വോട്ടുവിഹിതവുമായി ബാപ്‌സ സാന്നിധ്യമറിയിച്ചു.

ജെ.എന്‍.യു.വിലെ ഏറ്റവും പ്രധാന സ്‌കൂളുകളായ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് എന്നിവിടങ്ങളിലെ കണ്‍വീനര്‍ സ്ഥാനം ഇടതുസഖ്യം സ്വന്തമാക്കി. സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ അഞ്ച് കൗണ്‍സിലര്‍ സീറ്റുകളും ഇടതുസഖ്യം വിജയിച്ചു.

സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അഞ്ചില്‍ നാല് കൗണ്‍സിലര്‍ സീറ്റുകളും ഇടത് സഖ്യം നേടി. ഒരു സീറ്റില്‍ സ്വതന്ത്രന്‍ ജയിച്ചു. ഇടതുസഖ്യ സ്ഥാനാര്‍ഥികളായ മാരി പെഗു(302 വോട്ട്), ഐഷ് ഘോഷ് (282), സാര്‍ഥക് ഭാട്ടിയ (250), ശശികാന്ത് ത്രിപാഠി (247) എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ഥി പ്രഹ്‌ളാദ് കുമാര്‍ സിങ്ങും(239) വിജയിച്ചു. 806 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്തത്.

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അഞ്ചില്‍ നാല് കൗണ്‍സിലര്‍ സീറ്റുകളും ഇടതുസഖ്യം നേടി. ഒരു സീറ്റില്‍ ബി.എ.എസ്.ഒ. ജയിച്ചു. ചരിത്രത്തില്‍ ആദ്യമായി എല്ലാ സംഘടനകളും പ്രസിഡന്റ് സ്ഥാനാര്‍ഥികളായി വനിതകളെ രംഗത്തിറക്കിയതാണ് ഇത്തവണത്തെ പ്രത്യേകത.

നജീബിന്റെ തിരോധാനവും യു.ജി.സി. വിജ്ഞാപനത്തെത്തുടര്‍ന്ന് ഗവേഷണ കോഴ്‌സുകളിലെ സീറ്റുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതും സര്‍വകലാശാലയ്‌ക്കെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന അപവാദ പ്രചാരണങ്ങളുമൊക്കെ തിരഞ്ഞെടുപ്പില്‍ വലിയ വിഷയങ്ങളായി.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ആരംഭിച്ച വോട്ടെണ്ണല്‍ ഞായറാഴ്ച പുലര്‍ചെയാണ് പൂര്‍ത്തിയായത്.

അതേസമയം, വോട്ടെണ്ണല്‍ പൂര്‍ത്തിയായെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായില്ല. തിങ്കളാഴ്ചയാണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുകയെന്ന് സര്‍വകലാശാലാ വൃത്തങ്ങള്‍ വ്യക്തമാക്കി.

Top