ഒരോ തുള്ളി വെള്ളവും കരുതാം നാളേക്കായ്; 2050-ഒടെ രാജ്യം പൂര്‍ണ്ണ ജലക്ഷാമത്തിലേക്ക്

ന്യൂഡല്‍ഹി: ഒരു തുള്ളി വെള്ളം പോലും പാഴാക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരനും ഒന്നു കൂടി ചിന്തിക്കണമെന്ന് മുന്നറിയിപ്പുമായി യുനസ്‌കോ. ഇന്ത്യ കടുത്ത ജല ദാരിദ്രത്തിലേക്കാണ് കാലെടുത്തുവെക്കുന്നതെന്നാണ് യുനസ്‌കോ ഓര്‍മ്മിപ്പിക്കുന്നത്. ഇപ്പോള്‍ തന്നെ മധ്യ ഇന്ത്യയില്‍ ജലക്ഷാമം രൂക്ഷമാണ്. അതൊടൊപ്പം തന്നെ
വെള്ളമൂറ്റലും വര്‍ധിക്കുന്നു. വെള്ളമൂറ്റലും കാലാവസ്ഥ പ്രശ്‌നങ്ങളും ഇന്ത്യയെ എത്തിക്കുന്നത് ജല പ്രതിസന്ധിയിലേക്കു തന്നെയാണ്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കു പ്രകാരം 121 നദികളായിരുന്നു മലിനമാക്കപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ അത് ഇരട്ടിയായി മാറി. ഏകദേശം 275-ഓളം നദികള്‍ മലിനീകരിക്കപ്പെട്ടുവെന്നാണ് ബോര്‍ഡ് വെളിപ്പടുത്തുന്നത്. 29 സംസ്ഥാനങ്ങളില്‍ സംസ്ഥാനത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിച്ച 1,275 നിരീക്ഷണ സ്റ്റേഷനുകളിലൂടെ 275 നദികളാണ് മലിനമാക്കപ്പെട്ടതെന്ന് കണ്ടെത്തിയത്.

രാജ്യത്തെ 50 ശതമാനം നദികളും കനാലുകളും വന്‍തോതില്‍ മലിനികരിക്കപ്പെട്ടിരുക്കുകയാണ്. ഏറ്റവും കൂടുതല്‍ ജലവും മലിനമാക്കപ്പെട്ടിരിക്കുന്നത് കോളിഫോം ബാക്ടീരിയകള്‍ മൂലമാണ്. ഇതിന് പ്രധാന കാരണം മനുഷ്യ വിസര്‍ജ്ജ്യം നദികളിലും കായലുകളിലും തള്ളുന്നതിനാലാണ്.

ഒരു പരിധി വരെ വിനോദ സഞ്ചാരവും ജലത്തെ മലിനീകരിക്കുന്നതിന് കാരണമാകുന്നു. മറ്റൊന്ന് നഗരങ്ങളിലെ മാലിന്യം കാനകള്‍ വഴി പുഴകളിലും നദികളിലും എത്തിക്കുന്നതാണ്. ഉപരിലത്തിലെ വെള്ളം മാത്രമല്ല ഭൂമിക്കടിലെ ജലശ്രോതസും മലിനമാണെന്നാണ് യുനസ്‌കോ വ്യക്തമാക്കുന്നത്. കാരണം ലോഹങ്ങളുടെ പ്രവര്‍ത്തനം മൂലമാണ് ഭൂമിക്കടിയിലുള്ള ജലം മലിനമാക്കപ്പെടുന്നതെന്നും യുനസ്‌കോ സൂചിപ്പിക്കുന്നു.

save

ഏറ്റവും കൂടുതല്‍ നദികള്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നത് മഹാരാഷ്രയിലാണ്. 49 നദികള്‍. കൃഷ്ണ, ബിമ, ഗോദാവരി, പഞ്ചഗംഗ, മിഥി,ഉല്‍ഹസ്,തപി, കുന്ദലിക,മുല്ല-മുത്ത, പെണ്‍ഗംഗ, വൈതരന തുടങ്ങയിവയാണ് പട്ടികയിലെ പ്രധാന നദികളാണ്.

രണ്ടാം സ്ഥനത്ത് ആസാമാണ്. 28 നദികളാണ് ഇവിടെ മലിനമാക്കപ്പെട്ടതായ കേന്ദ്ര മലിനീകരണ ബോര്‍ഡ് വ്യക്തമാക്കിയത്. മൂന്നാം സ്ഥാനത്ത് മധ്യപ്രദേശ്, 21 നദികള്‍, ഗുജറാത്ത് 20 നദികള്‍, പിന്നാലെ പശ്ചിമ ബംഗാള്‍ 17 നദികള്‍ ഇങ്ങനെ പോകുന്നു പട്ടികയിലെ വെളിപ്പെടുത്തല്‍.

ദക്ഷിണേന്ത്യയിലും സ്ഥിതി അത്ര പരുങ്ങലിലല്ല. കാരണം ഗോദാവരി, കാവേരി, കൃഷ്ണ നദികളുടെ വെള്ളത്തിന്റെ അളവ് കുറഞ്ഞു വരികയാണെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്ര പ്രദേശിലാകട്ടെ അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവു കുറയുയാണ്. അതുകൊണ്ടു തന്നെ വെള്ളം കൂടുതല്‍ ആവശ്യമായി വരുന്ന വിളകള്‍ ഇവര്‍ ഉപേക്ഷിച്ചിരിക്കുകയാണ്. പഞ്ചബ്, ഡല്‍ഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ വറ്റി വരണ്ടു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

2030 ആകുമ്പോഴേക്കും ആവശ്യമുള്ള വെള്ളത്തിന്റെ പകുതി മാത്രമേ ലഭിക്കുകയുള്ളുവെന്ന് ആസൂത്രണ കമ്മീഷന്‍ മുന്‍ അംഗം മിഹിര്‍ ഷാ മുന്നറിയിപ്പു നല്‍കി. അതുകൊണ്ട് തന്നെ വിദഗ്ധര്‍ രാജ്യത്ത് ഫലപ്രദമായ ജലനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ ജല വിഭവ മന്ത്രാലയമോ, കേന്ദ്ര ജല കമ്മീഷനോ ഈ പ്രശ്‌നത്തെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല. ജലത്തെ ഇപ്പോള്‍ തന്നെ കരുതി വെച്ചാല്‍ മാത്രമേ നാളേക്ക് കൂടി ഉപയോഗിക്കാന്‍ സാധിക്കുകയുളളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട് : സുമി പ്രവീണ്‍

Top