അണ്ടര്‍ 15 പെണ്‍കുട്ടികളുടെ സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക്‌ കിരീടം

തിംഫു: അണ്ടര്‍ 15 പെണ്‍കുട്ടികളുടെ സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. കളിയുടെ 67-ാം മിനിറ്റില്‍ സുനിത മുണ്ടയാണ് നിര്‍ണായക ഗോള്‍ നേടി വിജയകിരീടം ഉയര്‍ത്തിയത്. കളിയുടെ തുടക്കം മുതല്‍ ഇന്ത്യന്‍ ടീം നല്ല ഫോമിലായിരുന്നു. രണ്ടാം മിനിറ്റില്‍ അവിക സിങ്ങിന്റെ ഫ്രീകിക്ക് ബാറിലിടിച്ചു മടങ്ങി. തൊട്ടുപിന്നാലെ സുനിത മുണ്ടയുടെ ഏകാംഗ മുന്നേറ്റത്തിന് എതിര്‍ഗോളിയെ കീഴടക്കാനായില്ല. ക്രിറ്റിന ദേവിയുടെ വിങ്ങുകളിലൂടെയുള്ള മുന്നേറ്റവും ബംഗ്ലാദേശിന് തലവേദനയായിട്ടുണ്ട്.

സെമിയില്‍ നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സെമിയില്‍ ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ഗ്രൂപ്പില്‍ ആതിഥേയരായ ഭൂട്ടാനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്. കഴിഞ്ഞ അണ്ടര്‍ 15 പെണ്‍കുട്ടികളുടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍ തോറ്റിരുന്നു.

Top