അമേരിക്കയിലേക്കു കുടിയേറുന്നതിനായി അനധികൃത യാത്ര ചെയ്ത ഇന്ത്യക്കാരനെ പിടികൂടി

ന്യൂഡല്‍ഹി: അമേരിക്കയിലേക്കു കുടിയേറുന്നതിനായി ഒരു മാസംകൊണ്ട് 11 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ഇന്ത്യക്കാരനെ അമേരിക്ക പിടികൂടി തിരിച്ചയച്ചു. പഞ്ചാബിലെ കപുര്‍ത്തല സ്വദേശിയായ ഹര്‍പ്രീത് സിംഗിനെയാണ് അമേരിക്ക തിരിച്ചയച്ചത്. ബ്രസീലില്‍നിന്നു യാത്ര ചെയ്ത ഹര്‍പ്രീത് 10000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് മെക്‌സിക്കോയിലെത്തിയത്.

2016ല്‍ യുഎസില്‍ പിടിയിലായ ഹര്‍പ്രീതിനെ ഇന്ത്യയിലേക്കു തിരിച്ചയച്ചു. ഇമിഗ്രേഷന്‍ അധികൃതര്‍ ഹര്‍പ്രീതിനെ ശനിയാഴ്ച ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിച്ച് പോലീസിനു കൈമാറി.

2016 ഓഗസ്റ്റ് 20നാണ് ഹര്‍പ്രീത് സ്വന്തം പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ബ്രസീലിലേക്കു യാത്ര ചെയ്യുന്നത്. ബ്രസീലില്‍നിന്നു ബൊളീവിയയിലേക്കു പോയ ഹര്‍പ്രീത്, ഇവിടെനിന്നു റോഡുമാര്‍ഗം പെറുവിലെത്തി. ജലന്ദര്‍ സ്വദേശിയായ ഒരു ട്രാവല്‍ ഏജന്റും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. പെറുവില്‍നിന്ന് ഇക്വഡോര്‍, കൊളംബിയ, പാനമ വഴി കോസ്റ്ററിക്കയിലെത്തി. ഇവിടെനിന്ന് ഹോണ്ടുറാസിലൂടെ കടന്ന് ഗ്വാട്ടിമാല വഴി മെക്‌സിക്കോയില്‍ എത്തുകയായിരുന്നു.

മെക്‌സിക്കോയില്‍നിന്നു ബോട്ടില്‍ അനധികൃതമായി യുഎസിലേക്കു കടന്നു. ബോട്ട് യാത്രയ്ക്കിടെ ഇയാളുടെ പാസ്‌പോര്‍ട്ടും മറ്റു സാധനസാമഗ്രികളും മോഷ്ടിക്കപ്പെട്ടു. പിന്നീട് ട്രാവല്‍ ഏജന്റിന്റെ സഹായത്തോടെ ഹര്‍പ്രീത് ഒരു വ്യാജപാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു. അമേരിക്കയില്‍ എത്തി ഹര്‍പ്രീത് 15 മാസം ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ ജോലി ചെയ്തു. ഇതിനുശേഷം ഇയാള്‍ അനധികൃത താമസത്തിനു പിടിയിലാകുകയായിരുന്നു. യുഎസ് പൗരത്വത്തിനുവേണ്ടിയാണ് ഹര്‍പ്രീത് ഈ സാഹസത്തിനു മുതിര്‍ന്നതെന്ന് കുടിയേറ്റ വകുപ്പ് അറിയിച്ചു.

Top