ജമ്മു കശ്മീരിലുണ്ടായ പാക്ക് ഷെല്ലാക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

indian army

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സുന്ദര്‍ബനി മേഖലയിലുണ്ടായ പാക്ക് ഷെല്ലാക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. വിനോദ് സിംഗ്(24) , ജാക്കി ശര്‍മ്മ (30) എന്നിവരാണ് വീരമൃത്യു വരിച്ചത്. പാക്ക് ആക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.

കശ്മീരിലെ അഖ്‌നൂര്‍ ജില്ലയിലെ ദനാപൂര്‍ സ്വദേശിയാണ് വിനോദ് സിംഗ്. ജമ്മുവിലെ ഹിരാനഗര്‍ സ്വദേശിയാണ് ശര്‍മ്മ. ഇന്ത്യയുടെ ധീരജവാന്‍മാരായിരുന്നു വിനോദ് സിംഗും ജാക്കി ശര്‍മ്മയുമെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 5.15 നാണ് പ്രകോപനങ്ങളൊന്നുമില്ലാതെ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

മെഷിന്‍ ഗണ്ണുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക്ക് സൈന്യത്തിന്റെ പ്രകോപനം. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് വിനോദ് സിങ്ങിനും ജാകി ശര്‍മയ്ക്കും വെടിയേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ഏഴുദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് ഇത്. ഏപ്രില്‍ മുന്നിന് പൂഞ്ചില്‍ നിയന്ത്രണരേഖയില്‍ പാക്ക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ജവാന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2018 ലെ ആദ്യ രണ്ടുമാസത്തിനിടെ പാകിസ്താന്റെ ഭാഗത്തുനിന്ന് 633 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ 432 സംഭവങ്ങളും നിയന്ത്രണരേഖയിലാണ് നടന്നിട്ടുള്ളത്. രണ്ടുമാസത്തിനിടെ 10 സൈനികരും 12 സാധാരണക്കാരും പാക്ക് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.

Top