ഇലക്ട്രിക് ഇരുചക്ര വാഹന വിപണി പിടിക്കാന്‍ ടി വി എസ് മോട്ടോറും അവതരിക്കും

ന്യൂഡല്‍ഹി : ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിച്ചുവരുന്നതായി ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു.

ആഭ്യന്തര വിപണിയില്‍ ഈ വാഹനങ്ങള്‍ അധികം വൈകാതെ പുറത്തിറക്കുമെന്ന് മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.

ഇലക്ട്രിക് വാഹന വിപണിയിലും ശക്തമായ മത്സരം കാഴ്ച്ചവെയ്ക്കാനാണ് തീരുമാനമെന്നും, രാജ്യത്തെ ഇലക്ട്രിക് വാഹന രംഗം ഭാവിയില്‍ കൂടുതല്‍ പ്രസക്തമായിത്തീരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്നതിന്റെ പിന്നാമ്പുറങ്ങളിലായിരുന്നു ടിവിഎസ് ഇതുവരെയെന്നും, ഇലക്ട്രിക് മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുമെന്നും, ജനങ്ങള്‍ക്ക് ഏറ്റവുമധികം ഉപകാരപ്പെടുന്ന ഇലക്ട്രിക് മോഡലായിരിക്കും വിപണിയിലെത്തിക്കുകയെന്നും അനിരുദ്ധ വ്യക്തമാക്കി.

മാത്രമല്ല, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എത്രയും വേഗം വിപണിയില്‍ ലഭ്യമാകും എന്നും അദ്ദേഹം വെളിപ്പെടുത്തി.

ആദ്യമായി ഒരു ഇലക്ട്രിക് സ്‌കൂട്ടറും ഇലക്ട്രിക് ബൈക്കുമായിരിക്കും അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഹീറോ ഇലക്ട്രിക്, ലോഹിയ കമ്പനികള്‍ ഇതിനകം സജീവമാണ്.

ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ എന്നിവയും ഇലക്ട്രിക് ഇരുചക്ര വാഹന സെഗ്‌മെന്റില്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Top