നോട്ട് നിരോധനം ; കേന്ദ്ര സർക്കാരിനെ പരിഹസിച്ച് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ

അഹമ്മദാബാദ്: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സാമ്പത്തിക പദ്ധതികളെ വീണ്ടും പരിഹസിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ രംഗത്ത്.

പതിനാലാം നൂറ്റാണ്ടിൽ ഡൽഹി ഭരിച്ചിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്ക് 700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നോട്ട് നിരോധനം നടപ്പാക്കിയിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ പരിഹസിച്ചു.

സ്വന്തമായി കറൻസികളും , നാണയങ്ങളും പുറത്തിറക്കിയ ഭരണാധികാരികൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. ചിലര്‍ പഴയ കറന്‍സികള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയത് പ്രാബല്യത്തില്‍ വരുത്തി.

അതിനാൽ വര്‍ഷങ്ങള്‍ക്ക് മുന്‍പും നോട്ട് നിരോധനം നടന്നിരുന്നതായി നമുക്ക് പറയാമെന്ന് സിന്‍ഹ പറഞ്ഞു.

അഹമ്മദാബാദില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘സേവ് ഡെമോക്രസി മൂവ്‌മെന്റ്’ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിന്‍ഹ.

പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് നോട്ട് നിരോധനത്തിനെതിരെയും ജിഎസ്ടിക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് സിന്‍ഹ ഉയര്‍ത്തിയത്.

നോട്ട് നിരോധനത്തിലൂടെ 3.75 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് സമ്പദ് വ്യവസ്ഥയില്‍ വന്നു ചേര്‍ന്നതെന്നാണ് കണക്കുകള്‍, എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിലേറെ വരുമെന്നും ഭാവിയിലും അത് തുടരുമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവായ യശ്വന്ത് സിന്‍ഹ നേരത്തേയും രംഗത്തെത്തിയിരുന്നു.

കേന്ദ്ര സർക്കാരിന്റെ ഇത്തരം പ്രവർത്തികൾക്കുള്ള മറുപടി ജനങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top