Trump used vehicle cardiac limousine for sale

യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മുന്‍ വാഹനമായ, 1988 മുതല്‍ 1994 വരെയുള്ള അഞ്ചു വര്‍ഷം ട്രംപ് കുടുംബത്തിന്റെ ഭാഗമായിരുന്ന 1988 മോഡല്‍ ‘കാഡിലാക് ലിമൊസിന്‍’ യു കെയില്‍ വില്‍പ്പനയ്‌ക്കെത്തുന്നു.

‘കാഡിലാക് ട്രംപ്’ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ യു കെയിലെ ഗ്ലോസെസ്റ്ററിലെ ഡീലര്‍ഷിപ്പിലാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്. ഇത്തരത്തിലുള്ള രണ്ടു കാറുകള്‍ മാത്രമാണ് കാഡിലാക് നിര്‍മിച്ചത്. അതുകൊണ്ടുതന്നെ ‘കാഡിലാക് ലിമൊസിന്‍’ അപൂര്‍വ്വ മോഡലാണ്.

ആദ്യകാലത്ത് ട്രംപിന്റെ ഉടമസ്ഥതയിലായിരുന്ന ‘കാഡിലാക് ലിമൊസി’നെ പിന്നീട് അഞ്ചു പേര്‍ കൂടി സ്വന്തമാക്കിയിരുന്നു. നിലവിലുള്ള ഉടമ 10 വര്‍ഷം മുമ്പാണ് ഈ കാര്‍ ഏറ്റെടുത്തത്.

വില്‍പ്പനയ്‌ക്കെത്തുമ്പോള്‍ ‘കാഡിലാക് ലിമൊസി’നു കുറഞ്ഞത് 50,000 പൗണ്ട് (ഏകദേശം 41.61 ലക്ഷം രൂപ) എങ്കിലും വില ലഭിക്കുമെന്നാണു പ്രതീക്ഷ.

എണ്‍പതുകളിലെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അനുസൃതമായി രൂപകല്‍പ്പന ചെയ്ത ‘കാഡിലാക് ട്രംപി’ ല്‍ ഫാക്‌സ് മെഷീന്‍, പേപ്പര്‍ ഷ്രെഡര്‍, വിഡിയോ കാസെറ്റ് റിക്കോര്‍ഡര്‍, കാര്‍ ഫോണ്‍ എന്നിവയ്‌ക്കൊപ്പം മദ്യം സൂക്ഷിക്കാനുള്ള പ്രത്യേക അറയും സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ അകത്തളത്തില്‍ ഉപയോഗിക്കാനുള്ള വസ്തുക്കള്‍ ട്രംപ് സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. ലതര്‍ സീറ്റ്, റോസ് വുഡ് പാനല്‍, ഗോള്‍ഡ് ഹൈലൈറ്റ് എന്നിവയൊക്കെ കാറിന്റെ അകത്തളത്തിലുണ്ട്. കാറിന്റെ യഥാര്‍ഥ കറുപ്പ് നിറം ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. അഞ്ചു ലീറ്റര്‍ എന്‍ജിനോടെ എത്തുന്ന കാറിന് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് എന്നതാണ് പ്രത്യേകത.

Top